Sunday, June 20, 2021
Home Gulf ഖത്തറില്‍ വിതരണം ചെയ്യുന്ന കോവിഡ് വാക്സിന് പാര്‍ശ്വഫലങ്ങളില്ല; വിശദീകരണവുമായി അധികൃതര്‍

ഖത്തറില്‍ വിതരണം ചെയ്യുന്ന കോവിഡ് വാക്സിന് പാര്‍ശ്വഫലങ്ങളില്ല; വിശദീകരണവുമായി അധികൃതര്‍

ദോഹ: രാജ്യത്ത് വിതരണം ചെയ്യുന്ന കോവിഡ് വാക്സിന് പാര്‍ശ്വ ഫലങ്ങളില്ലെന്ന് ഹമദ് ജനറല്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍ മസ്ലാമണി. ഖത്തര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനോടകം വാക്സിന്‍ സ്വീകരിച്ച ആര്‍ക്കും തന്നെ ഗുരുതര ആരോഗ്യ പ്രശ്നങ്ങളോ മറ്റ് അസ്വസ്ഥതകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ശാസ്ത്രീയമായി നടത്തിയ ഗവേഷണ പഠനത്തിലൂടെ വാക്സിന്റെ ഫലപ്രാപ്തി ഉറപ്പു വരുത്തിയ ശേഷമാണ് പൊതുജനാരോഗ്യ മന്ത്രാലയം രാജ്യത്ത് വാക്സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയതെന്നും ഇക്കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സമൂഹമാധ്യമങ്ങളിലൂടെ കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ക്കതിരെ ജാഗ്രത പാലിക്കണമെന്നും അല്‍ മസ്ലാമണി ഓര്‍മ്മപ്പെടുത്തി. വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് മാത്രം വാക്സിനിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേടണമെന്നും അദ്ദേഹം പറഞ്ഞു.

പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലോ, സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെയോ ഇത്തരത്തില്‍ ഔദ്യോഗിക വിവരങ്ങള്‍ അറിയിക്കുമെന്നും അത്തരത്തിലുള്ളത് മാത്രമേ കണക്കിലെടുക്കാന്‍ പാടുള്ളുവെന്നും ഡോ. യൂസഫ് അല്‍ മസ്ലാമണി പറഞ്ഞു.

Most Popular