Saturday, April 17, 2021
Home Gulf കുറ്റവാളികളുടെ ചിന്തകള്‍ ചോര്‍ത്താനൊരുങ്ങി ദുബൈ പോലീസ്

കുറ്റവാളികളുടെ ചിന്തകള്‍ ചോര്‍ത്താനൊരുങ്ങി ദുബൈ പോലീസ്

ദുബൈ: കുറ്റവാളികളുടെ ചിന്തകള്‍ ചോര്‍ത്താനൊരുങ്ങി ദുബൈ പോലീസ്. ചോദ്യം ചെയ്യലില്‍ പതറാത്ത സമര്‍ഥരായ കുറ്റവാളികളുടെ തലച്ചോറിലെ തരംഗങ്ങള്‍ അപഗ്രഥിച്ചു വിലപ്പെട്ട സൂചനകള്‍ ലഭ്യമാക്കുന്ന ‘ബ്രെയിന്‍ ഫിംഗര്‍പ്രിന്റ്’ സാങ്കേതികവിദ്യയാണ് ഇതിനായി പോലീസ് ഉപയോഗിക്കുക. ഒരുവര്‍ഷത്തെ പരീക്ഷണഘട്ടം വന്‍വിജയമായിരുന്നു. ഇതോടെയാണ് ഈ പദ്ധതി വിപുലമാക്കാനൊരുങ്ങുന്നത്. ഇന്ത്യയിലടക്കം അന്വേഷണസംഘങ്ങള്‍ ഇതുപയോഗപ്പെടുത്തുന്നുണ്ട്. കുറ്റവാളികളുടെ ശരീരഭാഷയും മനസ്സും വായിച്ചെടുക്കാവുന്ന ശാസ്ത്രീയ രീതികള്‍ നിലവിലുണ്ട്. എന്നാല്‍, ബ്രെയിന്‍ ഫിംഗര്‍പ്രിന്റ് വ്യാപകമായിട്ടില്ല. കിട്ടുന്ന വിവരങ്ങളുടെ കൃത്യതയാണ് ഈ സംവിധാനത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കാനൊരുങ്ങുന്നത്.
ഇത്തരം തെളിവുകളുടെ ആധികാരികത കോടതിയാണ് നിശ്ചയിക്കുക. സംഭവവുമായി ബന്ധപ്പെട്ട് ഒരാളുടെ ഓര്‍മ്മയിലുള്ള എല്ലാ വിവരങ്ങളും തലച്ചോര്‍ ‘റെക്കോര്‍ഡ്’ ചെയ്യും. അതുകൊണ്ടുതന്നെ സംഭവത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അതിന്റെ ദൃശ്യങ്ങളും സാഹചര്യങ്ങളുമെല്ലാം മനസ്സിലൂടെ കടന്നുപോകും. സംഭവത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ തലച്ചോറിലെ കോശശൃംഖലകളില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ (പി 300 തരംഗങ്ങള്‍) രേഖപ്പെടുത്തി കുറ്റകൃത്യത്തിലെ പങ്ക് നിര്‍ണയിക്കാം. ഇലക്ട്രോ എന്‍സഫലോ ഗ്രാഫ്- അഥവാ ഇ.ഇ.ജി എന്നാണിത് അറിയപ്പെടുക. അന്വേഷണ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെ ചിത്രങ്ങള്‍ കാണിക്കുമ്പോള്‍ കുറ്റവാളിയുടെ തലച്ചോര്‍ എങ്ങനെ പ്രതികരിക്കുന്നുവെന്ന് ഗ്രാഫിലൂടെ മനസ്സിലാക്കാമെന്നും ഇതിലൂടെയാണ് കുറ്റവാളിയെ ഉറപ്പിക്കാന്‍ കഴിയുകയെന്നും വിദഗ്ധര്‍ പറയുന്നു. ഇലക്ട്രോണിക് സെന്‍സറുകളോടു കൂടിയ സ്‌കള്‍ക്യാപ് എന്ന ഉപകരണം തലയില്‍ വയ്ക്കുന്നു. ഇതുമായി ബന്ധിപ്പിച്ച കംപ്യൂട്ടര്‍ സ്‌ക്രീനില്‍ തലച്ചോറിലെ ഓരോ മാറ്റവും രേഖപ്പെടുത്തും. സാധാരണ നിലയ്ക്ക് ചുവപ്പ്, പച്ച, നീല എന്നീ 3 നിറങ്ങളിലാണ് ഗ്രാഫില്‍ സിഗ്നലുകള്‍ രേഖപ്പെടുത്തുക. പച്ചയാണെങ്കില്‍ കുറ്റകൃത്യവുമായി ബന്ധമില്ലെന്ന നിഗമനത്തിലെത്താം. നിര്‍ണായക വിവരങ്ങള്‍ അറിയാമെങ്കില്‍ ചുവപ്പ്. നിര്‍ണായകമല്ലാത്ത വിവരങ്ങളാണെങ്കില്‍ നീല. ചുവപ്പ്, നീല ലൈനുകള്‍ ചേര്‍ന്നുനിന്നാല്‍ കുറ്റവാളിയെന്നാണു സൂചന. പച്ച, നീല ലൈനുകള്‍ ചേര്‍ന്നു നിന്നാല്‍ കുറ്റവാളിയല്ലെന്ന നിഗമനത്തിലെത്താമെന്നും പോലീസ് പറയുന്നു. ഫിംഗര്‍ പ്രിന്റിങ്, ഡി.എന്‍.എ പരിശോധന എന്നിവയുടെ പോലെ വിവിധ തലങ്ങളിലുള്ള പരിശോധന പൂര്‍ത്തിയാക്കിയാണ് ആധികാരികത ഉറപ്പുവരുത്തുക. സംഭവ സ്ഥലത്തെ തെളിവുകള്‍, ഫിംഗര്‍പ്രിന്റിലെ വിവരങ്ങള്‍, തലച്ചോറില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ട്, സാങ്കേതിക പരിശോധനാ ഫലം എന്നിവ പൊരുത്തപ്പെടണം.ഭീകരവിരുദ്ധ പോരാട്ടത്തിനും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്.

Most Popular