റിയാദ്: കോവിഡ് ഭീതി കുറഞ്ഞതോടെ സൗദിയില്‍ ടൂറിസം ലക്ഷ്യം വെച്ച് ജനറല്‍ എന്റര്ടെയിന്റ്മെന്റ് അതോറിറ്റി പ്രഖ്യാപിച്ച വന്‍കിട വിനോദ പദ്ധതികളില്‍ ആദ്യത്തേതായ റിയാദ് ഒയാസീസ് എന്ന വാണിജ്യ വിനോദ പരിപാടി ഇന്ന് തുടങ്ങും. ശീതകാലത്തെ വരവേറ്റുള്ള വാണിജ്യ വിനോദ ഭക്ഷ്യ മേളയാണ് റിയാദ് ഒയാസിസ്.
മൂന്ന് മാസം നീണ്ടു നില്‍ക്കുന്നതാണ് മേള. റിയാദ് നഗരത്തിന്റെ വടക്ക് ഭാഗത്തുള്ള ഉത്സവ നഗരിയിലാണ് റിയാദ് ഒയാസിസ് പരിപാടികള്‍ അരങ്ങേറുന്നത്. കലാകായിക പരിപാടികള്‍, സംഗീത പരിപാടികള്‍, ഭക്ഷ്യമേളകള്‍ എന്നിവയുണ്ടാകും. ലോകോത്തര റെസ്റ്റോറന്റുകള്‍ ഇവിടെ മേളയിലുണ്ട്.
കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച മുന്നൂറോളം വന്‍കിട പരിപാടികള്‍ കോവിഡ് കാരണം റദ്ദാക്കിയിരുന്നു. ശതകോടി കണക്കിന് വരുമാനം നേടിയ മേഖലയുടെ തിരിച്ചു വരവിന് കൂടിയാണ് റിയാദ് ഒയാസിസ് തുടക്കം കുറിക്കുന്നത്. ഇതോടെ രാജ്യത്തെ ഹോട്ടല്‍, ടൂറിസം, വ്യാപാര മേഖലകള്‍ വലിയ പ്രതീക്ഷയിലാണ്.