മസ്കത്ത്: ഒമാനിലെ പുതിയ അധ്യയനവർഷത്തിന്റെ ആരംഭ തീയതികളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഒമാൻ സർക്കാർ നിഷേധിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിനെക്കുറിച്ചുള്ള വാർത്തകൾ തെറ്റാണെന്നും ഇതുവരെ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾ യഥാസമയം വിവരം പുറത്തു വിടുമെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, കോവിഡ് പശ്ചാത്തലത്തിൽ 2020-21 അധ്യയന വർഷത്തിൽ സ്വീകരിക്കേണ്ട അധ്യാപനരീതികളെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയം പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങൾ സ്വീകരിക്കാൻ ആരംഭിചിചിട്ടുണ്ട്. ഓൺലൈൻ പഠനത്തിന്റെ സാധ്യതയും ഇതിൽ ഉൾപ്പെടും.
മുൻവർഷത്തെപ്പോലെ ആണെങ്കിൽ പുതിയ അധ്യയന വർഷം ആഗംഭിക്കാൻ മൂന്നാഴ്ചയിൽ താഴെ മാത്രം അവശേഷിക്കെ, ക്ലാസ് റൂം വിദ്യാഭ്യാസത്തിന് അനുയോജ്യമായ ബദൽ കണ്ടെത്തുന്നതിന് വേണ്ടി തയ്യാറാക്കിയ ഓൺലൈൻ സർവേയിൽ പങ്കെടുക്കാൻ പൊതുസമൂഹത്തോട് മന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആരംഭിച്ച് 17 മണിക്കൂറിനുള്ളിൽ തന്നെ 37,000ത്തിൽ അധികം ആളുകളാണ് സർവേയിൽ പങ്കെടുത്തത്.