മസ്കത്ത്: ഒമാനില്‍ നിന്ന് കേരളത്തിലേക്ക് ചാര്‍ട്ടര്‍ വിമാനങ്ങളില്‍ പോകുന്നവര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കി. ഈ മാസം 20 മുതലാണ് ഇത് പ്രാബല്യത്തില്‍ വരുക. കേരള സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് പരിശോധന നിര്‍ബന്ധമാക്കിയതെന്ന് മസ്കത്ത് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. . അതേസമയം, വന്ദേഭാരത് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഈ നിബന്ധന ബാധകമായിരിക്കില്ല.
യാത്രക്കാര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ പരിശോധന നടത്താം. അടുത്ത ശനിയാഴ്ച മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമായിരിക്കും യാത്രാനുമതി നല്‍കുകയെന്നും എംബസിയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്ന ആയിരകണക്കിന് പ്രവാസികള്‍ക്ക് ഈ തീരുമാനം തിരിച്ചടിയാകും. സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്മാറാത്ത പക്ഷം ബുക്ക് ചെയ്ത വിമാനങ്ങള്‍ സംഘടനകള്‍ക്ക് റദ്ദാക്കേണ്ടി വരും.
ചാര്‍ട്ടര്‍ വിമാനങ്ങളില്‍ കേരളത്തിലേക്ക് പോകുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാണെന്ന് റിയാദിലെ ഇന്ത്യന്‍ എംബസിയും ഇന്നലെ അറിയിച്ചിരുന്നു സൗദിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങാന്‍ എംബസി രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയത് അറുപതിനായിരത്തിലേറെ പേരാണ്. നാലായിരത്തോളം പേര് മാത്രമാണ് ഇവരില്‍ നാടണഞ്ഞത്. വന്ദേഭാരത് വിമാനങ്ങള്‍ പേരിന് മാത്രമുള്ള സൌദിയിലെ പ്രവാസികള്‍ക്ക് പ്രധാന ആശ്രയമായിരുന്നു ചാര്‍ട്ടര്‍ വിമാനങ്ങള്‍. അപ്രായോഗികമായ നിബന്ധന പിന്‍വലിച്ചില്ലെങ്കില്‍ യാത്ര മുടങ്ങുമെന്ന ആശങ്കയിലാണ് എല്ലാവരും.
ടെസ്റ്റ് ഫലങ്ങള്‍ കേരളം പറയുന്ന വേഗത്തില്‍ സൗദിയില്‍ നിന്ന് ലഭിക്കില്ലെന്ന് അനുഭവസ്ഥര്‍ പറയുന്നു. സൗദിയില്‍ നിന്ന് അടുത്ത ശനിയാഴ്ച മുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്ന മലയാളികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയതായി കഴിഞ്ഞ ദിവസമാണ് സൗദി ഇന്ത്യന്‍ എംബസി അറിയിച്ചത്.