
ഒമാനില്‍ തണുപ്പേറി; ജബല്‍ അഖ്ദറിലും ജബല്‍ ശംസിലും മഞ്ഞുവീഴ്ച
മസ്കത്ത്: ജബല്‍ അഖ്ദറിലും ജബല്‍ ശംസിലും വെള്ളിയാഴ്ച പുലര്‍ച്ച മഞ്ഞുവീഴ്ചയുണ്ടായി. ജബല്‍ ശംസില്‍ അന്തരീക്ഷ താപനില മൈനസ് ആറ് വരെയും ജബല്‍ അഖ്ദറില് മൈനസ് നാലുവരെയും താഴ്ന്നു. മസ്കത്ത് അടക്കം തീരമേഖലകളിലും തണുപ്പേറിയിട്ടുണ്ട്. മസ്കത്തില് വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചയുമായി കുറഞ്ഞ താപനില 15 ഡിഗ്രിയില്‍ താഴെയെത്തി. ഒമാന്റെ ഒട്ടുമിക്കയെല്ല ഗവര്‍ണറേറ്റുകളിലും തണുത്ത കാറ്റും ലഭിക്കുന്നുണ്ട്.
എന്നാല്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച സൈഖിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. മൈനസ് എട്ട് ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. ഉയര്‍ന്ന താപനിലയായ 28.5 ഡിഗ്രി ദോഫാര്‍ ഗവര്‍ണറേറ്റിലെ തഖായിലും രേഖപ്പെടുത്തി.
അതേസമയം, ജബല്‍ അഖ്ദറിലും ജബല്‍ ശംസിലും മഞ്ഞുവീഴ്ചയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തണുപ്പ് ആസ്വദിക്കുന്നതിനായി നിരവധി സ്വദേശികളും വിദേശികളും ജബല്‍ അഖ്ദറില് എത്തുന്നുണ്ട്. വാരാന്ത്യത്തില്‍ തിരക്ക് വര്‍ധിക്കുമെന്നാണ് കരുതുന്നത്.