Friday, September 24, 2021
Home Gulf Oman വിദേശികളുടെ ചികില്‍സാ ചെലവ് സ്‌പോണ്‍സര്‍ വഹിക്കണമെന്ന് ഒമാന്‍

വിദേശികളുടെ ചികില്‍സാ ചെലവ് സ്‌പോണ്‍സര്‍ വഹിക്കണമെന്ന് ഒമാന്‍

മസ്‌കത്ത്: രാജ്യത്തെ കോവിഡ് ബാധിതരായ വിദേശികളുടെ ചികിത്സാ ചെലവ് വഹിക്കേണ്ടത് സ്‌പോണ്‍സറുടെ ഉത്തരവാദിത്വമാണെന്ന് ഒമാന്‍ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി. പരിശോധന സൗജന്യമാണ്. സ്‌പോണ്‍സറില്ലാത്ത വിദേശികളുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മസ്‌കത്ത് ഗവര്‍ണറേറ്റിലെ ലോക്ഡൗണും മത്ര വിലായത്തിലെയും ജഅ്‌ലാന്‍ ബനീ ബുആലിയിലെയും സാനിറ്ററി ഐസൊലേഷനും ഈ മാസം 29 വരെ തുടരും. കോവിഡ് കേസുകള്‍ കുറയുന്നതിന് അനുസരിച്ചാകും നിയന്ത്രണങ്ങള്‍ നീക്കുക. അധികൃതരുടെ തുടര്‍ച്ചയായുള്ള അഭ്യര്‍ഥനകള്‍ക്ക് ചെവികൊടുക്കാതെ ഒമാനില്‍ പലയിടത്തും ഇപ്പോഴും വലിയ ഒത്തുചേരലുകള്‍ നടക്കുന്നുണ്ടെന്ന് ഡോ. അഹമ്മദ് അല്‍ സഈദി പറഞ്ഞു. സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദേശങ്ങളും പാലിക്കുന്നില്ലെന്ന് സുപ്രിം കമ്മിറ്റിയുടെ ഏഴാമത് പ്രതിവാര വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേ മന്ത്രി പറഞ്ഞു.

ഈ സാഹചര്യത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം ചിലര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ നിര്‍ദേശം സുപ്രീം കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടതായും ആരോഗ്യ മന്ത്രി പറഞ്ഞു. രോഗവ്യാപനം തടയുന്നതിനായി സുപ്രീം കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്ന് മന്ത്രി പറഞ്ഞു. സാമൂഹിക അകലം പാലിക്കുന്നതടക്കം നിര്‍ദേശങ്ങള്‍ ലംഘിച്ച് ഒമാനില്‍ കഴിഞ്ഞയാഴ്ച 150 പേര്‍ പങ്കെടുത്ത വിവാഹ ചടങ്ങ് നടന്നു. ഇതില്‍ പങ്കെടുത്ത പെണ്‍കുട്ടിക്ക് കോവിഡ് ബാധയുണ്ടായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒത്തുചേരലിനെ കുറിച്ച് അറിയുന്നത്. കോവിഡിന്റെ ലക്ഷണങ്ങളുണ്ടായിട്ടും ഐസൊലേഷന്‍ നടപടികള്‍ പാലിക്കാതിരുന്ന മറ്റൊരാള്‍ കുടുംബത്തിലെ 17 പേര്‍ക്കാണ് രോഗം പകര്‍ന്നുനല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാഴാഴ്ച്ച രാജ്യത്ത് 322 പേര്‍ക്കാണ് കോവിഡ് സഥിരീകരിച്ചത്. ഇതാദ്യമായാണ ഇത്രയധികം പേര്‍ക്ക് ഒരുദിവസം രോഗം സഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 4341 ആയി. പുതിയ രോഗികളില്‍ 242 പേര്‍ വിദേശികളും 80 പേര്‍ ഒമാനികളുമാണ്. രോഗമുക്തി നേടിയവരുടെ എണ്ണം 1289ല്‍ നിന്ന് 1303 ആയി ഉയര്‍ന്നിട്ടുണ്ട്. മലയാളിയടക്കം ചികിത്സയിലിരുന്ന 17 പേരാണ ഇതുവരെ മരണപ്പെട്ടത്. 3021 പേരാണ് നിലവില്‍ അസുഖബാധിതരായിട്ടുള്ളത്.

expats covid treatment is responsibility of sponsor-Oman

Most Popular