Friday, June 18, 2021
Home Newsfeed ഒമാന്‍ പൊതുമാപ്പിന്‍റെ കാലാവധി നീട്ടി

ഒമാന്‍ പൊതുമാപ്പിന്‍റെ കാലാവധി നീട്ടി

മസ്‌കത്ത്: പ്രവാസികള്‍ക്ക് പിഴ കൂടാതെ രാജ്യം വിടാനുള്ള സമയപരിധി ഒമാന്‍ സര്‍ക്കാര്‍ നീട്ടി. റെസിഡന്റ് കാര്‍ഡ് കാലാവധി കഴിഞ്ഞിട്ടും ഒമാനില്‍ കഴിയുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ജൂണ്‍ 30 വരെ നീട്ടി. കോവിഡ് മഹാമാരി കണക്കിലെടുത്താണ് തീയതി നീട്ടി നല്‍കുന്നതെന്ന് തൊഴില്‍ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. ഇക്കാലയളവിനുള്ളില്‍ പദ്ധതിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അനധികൃത താമസത്തിനുള്ള പിഴയൊടുക്കാതെ ജന്മനാടുകളിലേക്ക് മടങ്ങാം.

ഇതിനായി തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് മുഖേനയോ, സനദ് സെന്ററുകള്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യണം. പദ്ധതിക്ക് കീഴില്‍ അനുമതി ലഭിച്ചവര്‍ ജൂണ്‍ 30നകം രാജ്യം വിടണമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു. ജൂണ്‍ 30ന് ശേഷം അപേക്ഷകള്‍ സ്വീകരിക്കില്ല. രാജ്യം വിടാനുള്ള അനുമതിക്കായി 7,0000ത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ ഏതാണ്ട് 5,0000ത്തോളം പേര്‍ ഇതിനകം രാജ്യം വിടുകയും ചെയ്തിട്ടുണ്ട്. ഒമാനില്‍ താമസിക്കുന്ന രേഖകളില്ലാത്ത വിദേശ തൊഴിലാളികള്‍ പിഴയോ നിയമപരമായ പ്രശ്‌നങ്ങളോ ഇല്ലാതെ രാജ്യം വിടാന്‍ നീട്ടിനല്‍കിയ കാലാവധി പ്രയോജനപ്പെടുത്തണമെന്ന് തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചു. പദ്ധതിയുടെ ആനുകൂല്യം ഉപയോഗപ്പെടുത്തിയതില്‍ ഏറിയ പങ്കും ബംഗ്ലാദേശ് സ്വദേശികളാണ്.

 

 

Most Popular