Friday, June 18, 2021
Home Gulf Oman ഒമാനില്‍ നിന്നുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം നാളെ; 20 ശതമാനത്തിന് സൗജന്യ ടിക്കറ്റ് നല്‍കിയതായി ഐസിഎഫ്

ഒമാനില്‍ നിന്നുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം നാളെ; 20 ശതമാനത്തിന് സൗജന്യ ടിക്കറ്റ് നല്‍കിയതായി ഐസിഎഫ്

മസ്‌ക്കത്ത്: ഒമാനില്‍ നിന്നുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം നാളെ പുറപ്പെടും. ഐസിഎഫ് ഒമാന്‍ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിമാനം സജ്ജീകരിച്ചത്. മസ്‌കത്തില്‍ നിന്ന് കോഴിക്കോട്ടേക്കാണ് ആദ്യ സര്‍വീസെന്ന് ഐസിഎഫ് ജനറല്‍ സെക്രട്ടറി മുഹമ്മദ് റാസിഖ് അറിയിച്ചു.

180 പേര്‍ക്കാണ് യാത്രക്ക് അവസരം. പതിനൊന്ന് ഗര്‍ഭിണികള്‍, അടിയന്തര ചികിത്സ ആവശ്യമുള്ള 42 രോഗികള്‍, സന്ദര്‍ശന വിസയില്‍ എത്തി ഒമാനില്‍ കുടുങ്ങിയ 50 പേര്‍, തൊഴില്‍ നഷ്ടപ്പെട്ട 48 പ്രവാസികള്‍ എന്നിവരുള്‍പ്പെടുന്നതാണ് ആദ്യ വിമാനത്തിലെ യാത്രക്കാര്‍.

യാത്രക്കാരില്‍ 20 ശതമാനത്തോളം പേര്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കിയതായി ഐസിഎഫ് അറിയിച്ചു. 50 ശതമാനം യാത്രക്കാര്‍ക്ക് 10 മുതല്‍ 50 ശതമാനം വരെ നിരക്കിളവും നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ സാധാരണ നിരക്കിലും യാത്ര ചെയ്യും.

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെയും കേരള മുസ്ലിം ജമാഅത്തിന്റെയും നേതൃത്വത്തില്‍ നടത്തിയ ഇടപെടലാണ് നടപടികള്‍ വേഗത്തിലായത്. വരും ദിവസങ്ങളില്‍ കണ്ണൂര്‍, കൊച്ചി സെക്ടറുകളിലേക്ക് സര്‍വീസ് നടത്തുന്നതിനും ഐസിഎഫ് ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ഇതര ജിസിസി രാഷ്ട്രങ്ങളില്‍ നിന്നും വരും ദിവസങ്ങളില്‍ ഐസിഎഫിന് കീഴില്‍ ചാര്‍ട്ടേഡ് സര്‍വീസുകള്‍ പുറപ്പെടുന്നുണ്ട്.

first chartered flight from oman tomorrow


 

Most Popular