Sunday, August 1, 2021
Home Gulf Oman എംബസിയുടെ അനാസ്ഥ; തടവ് കാലാവധി കഴിഞ്ഞിട്ടും ഒമാനിലെ ജയിലില്‍ കുടുങ്ങിക്കിടക്കുന്നത് അമ്പതിലേറെ ഇന്ത്യക്കാര്‍

എംബസിയുടെ അനാസ്ഥ; തടവ് കാലാവധി കഴിഞ്ഞിട്ടും ഒമാനിലെ ജയിലില്‍ കുടുങ്ങിക്കിടക്കുന്നത് അമ്പതിലേറെ ഇന്ത്യക്കാര്‍

മസ്‌കത്ത്: തടവ് കാലാവധി കഴിഞ്ഞിട്ടും ഇന്ത്യന്‍ അധികൃതര്‍ വേണ്ട രീതിയില്‍ ഇടപെടാത്തതു കാരണം ഒമാനിലെ ജയിലുകളില്‍ കുടുങ്ങിക്കിടക്കുന്നത് മലയാളികളടക്കം അന്‍പതിലധികം ഇന്ത്യക്കാര്‍. ശിക്ഷയനുഭവിച്ചവര്‍ക്ക് തിരികെയുള്ള യാത്രയ്ക്ക് ആവശ്യമായ രേഖകള്‍ ഒമാനിലെ ഇന്ത്യന്‍ അധികൃതര്‍ നല്‍കാത്തതാണ് പ്രശ്‌നത്തിനു കാരണമെന്ന് ഓണ്‍മനോരമ റിപോര്‍ട്ട് ചെയ്തു. നിരവധി മലയാളികളാണ് ഇത്തരത്തില്‍ ഒമാനിലെ വിവിധ ജയിലുകളില്‍ ദുരിതം അനുഭവിക്കുന്നത്. അത്തരത്തില്‍ ഒരാളാണ് 38 വയസ്സുള്ള തിരുവനന്തപുരം സ്വദേശിയായ ഹസീബ്(യഥാര്‍ത്ഥ പേരല്ല). ഇയാളുടെ കാലാവധി ഈ വര്‍ഷം മാര്‍ച്ചില്‍ അവസാനിച്ചതാണ്. പുറത്തുവിടാന്‍ ഒമാനിലെ കോടതി വിധിക്കുകയും ചെയ്തു. എന്നാല്‍, അഞ്ച് മാസം കഴിഞ്ഞിട്ടും അദ്ദേഹം പുറത്തിറങ്ങിയിട്ടില്ല. വിചാരണ തടവുകാരനായി എട്ടു മാസവും കോടതി വിധിക്ക്‌ശേഷം നാല് മാസവും ജയിലില്‍ കിടന്നു. പക്ഷേ, ഹസീബിന് ഇപ്പോഴും പുറത്തിറങ്ങാനായില്ല.

ഹസീബ് അറസ്റ്റിലായത് ഖത്തറില്‍
ഹസീബിന്റെ ദുരിതകഥ നടക്കുന്നത് 2019 ജൂണ്‍ 24ന് വിസിറ്റിങ് വിസയില്‍ ഖത്തറില്‍ എത്തിയപ്പോഴാണ്. അവിടെ വച്ച് അറസ്റ്റിലാവുകയും രണ്ടാഴ്ചയ്ക്ക് ശേഷം അദ്ദേഹത്തെ റോയല്‍ ഒമാന്‍ പൊലീസിന് കൈമാറുകയും ചെയ്തു. അറസ്റ്റിന്റെ കാരണമെന്താണെന്ന് ഹസീബ് മനസിലാക്കിയത് സൊഹാറിലെ ജയിലില്‍ എത്തിയശേഷമാണ്. 2015 മുതല്‍ രണ്ടു വര്‍ഷം ഹസീബ് കുടുംബമായി ഒമാനില്‍ ജോലിചെയ്ത് ജീവിച്ചിരുന്നു. തുടര്‍ന്ന് ഭാര്യയ്ക്ക് പ്രസവവുമായി ബന്ധപ്പെട്ട് ചില ആരോഗ്യപ്രശ്‌നങ്ങള്‍ വന്നതോടെ കേരളത്തിലേക്ക് മടങ്ങി. കുഞ്ഞ് ജനിച്ചെങ്കിലും ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതിനാല്‍ ഹസീബ് നാട്ടില്‍ തന്നെ തുടര്‍ന്നു. ഹസീബിന്റെ അറസ്റ്റിന് കാരണമായത് അദ്ദേഹത്തിന്റെ തൊഴിലുടമയുടെ പരാതിയാണ്. തന്നെ കബളിപ്പിച്ച് പണവുമായാണ് ഹസീബ് കേരളത്തിലേക്ക് പോയത് എന്നായിരുന്നു പരാതി. ഒമാനിലെ സുമൈലില്‍ സ്ഥിതി ചെയ്യുന്ന പ്രധാന സെന്‍ട്രല്‍ ജയിലിലാണ് ഹസീബ് ഇപ്പോഴുള്ളത്.

എംബസിയെ ബന്ധപ്പെട്ടെങ്കിലും മറുപടിയില്ല
ഇക്കാര്യങ്ങള്‍ വിവരിച്ചും ഭര്‍ത്താവിന്റെ മോചനത്തിന് സഹായിക്കണമെന്ന് ആവശ്യപ്പെട്ടും ഒമാനിലെ ഇന്ത്യന്‍ അംബാസിഡര്‍ മുനു മഹാവറിന് ഹസീബിന്റെ ഭാര്യ ഹന്ന അപേക്ഷ അയച്ചു. എന്നാല്‍, ഈ അപേക്ഷയ്ക്ക് ഇന്ത്യന്‍ അധികൃതരില്‍ നിന്നും മറുപടിയൊന്നും ലഭിച്ചില്ല.. അദ്ദേഹത്തിന്റെ യാത്രാ രേഖകള്‍ ഇന്ത്യന്‍ അധികൃതര്‍ നല്‍കിയാല്‍ മാത്രമേ മോചനം സാധ്യമാകൂ’ഹന്ന വ്യക്തമാക്കി.

വീട്ടുജോലിക്കു പോയ സരസ്വതി അറസ്റ്റിലായത് തൊഴിലുടമയുടെ പരാതിയില്‍
ഒമാനിലെ തന്നെ ജയിലില്‍ കഴിയുന്ന മറ്റൊരു മലയാളി യുവതിയുടെ വാക്കുകള്‍ ഇങ്ങനെ: എംബസിയില്‍ നിന്ന് ഇതുവരെ ഒരാളു പോലും ജയിലില്‍ വന്ന് കണ്ടിട്ടില്ലെന്ന് സരസ്വതി (യഥാര്‍ഥ പേരല്ല) തന്റെ ഭര്‍ത്താവിനോട് വെളിപ്പെടുത്തി. ‘തിരികെ നാട്ടിലേക്ക് പോകുന്ന കാര്യവുമായി ബന്ധപ്പെട്ട് അന്വേഷിക്കാന്‍ വിളിക്കുമ്പോള്‍ എംബസിയില്‍ ഉള്ളവര്‍ ഫോണ്‍പോലും എടുക്കാറില്ല-സരസ്വതി പറഞ്ഞു. ഒമാനില്‍ വീട്ടുജോലിക്കാരിയായിരുന്നു ഇവര്‍. 2019 ഡിസംബറില്‍ തൊഴില്‍ ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജയിലിലായത്. കോടതി ഇവരെ 2020 ഫെബ്രുവരിയില്‍ മോചിപ്പിച്ചു. പക്ഷേ, ഇതുവരെ നാട്ടിലേക്ക് പോകാന്‍ സാധിച്ചില്ല.

മാര്‍ച്ചില്‍ വിട്ടയക്കപ്പെട്ട ഷെറിന്റെ പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞു
ഒമാനിലെ ജയിലില്‍ ഉള്ള മറ്റൊരു മലയാളിയാണ് ഷെറിന്‍ (യഥാര്‍ഥ പേരല്ല). ജൂലൈ 15ന് അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞു. 2019 സപ്തംബറിലാണ് ഷെറിന്‍ അറസ്റ്റിലാകുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ അദ്ദേഹത്തേയും കോടതി വിട്ടയച്ചു. പക്ഷേ, ഇതുവരെ ജയില്‍ മോചിതനാകാന്‍ സാധിച്ചില്ല. കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ടുമായി എങ്ങനെ ഇനി മടങ്ങിവരുമെന്ന് അറിയില്ലെന്ന് ഷെറിന്‍ ഭാര്യയോട് പറഞ്ഞു. ഇന്ത്യന്‍ അധികൃതര്‍ വിഷയത്തില്‍ ഇടപെടുമെന്നും ഭര്‍ത്താവിനെ നാട്ടില്‍ എത്തിക്കുമെന്നാണ് അദ്ദേഹത്തിന്റെ ഭാര്യയുടെ പ്രതീക്ഷ.

ആരോപണങ്ങള്‍ നിഷേധിച്ച് ഇന്ത്യന്‍ എംബസി
ഇന്ത്യന്‍ അധികൃതരുടെ നിരുത്തരവാദപരമായ നടപടികള്‍ക്കെതിരെ ഒമാനിലെ സാമൂഹിക പ്രവര്‍ത്തകരും രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍, ആരോപണങ്ങള്‍ ഒമാനിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ നിഷേധിച്ചു. ഇന്ത്യന്‍ എംബസിയുടെ ഭാഗത്ത് നിന്നും യാതൊരു കാലതാമസവും ഉണ്ടായിട്ടില്ലെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ഇര്‍ഷാദ് അഹമ്മദ് പറഞ്ഞു. പക്ഷേ, ഒമാനിലെ വിവിധ ജയിലുകളില്‍ എത്ര ഇന്ത്യക്കാര്‍ ഉണ്ടെന്ന കണക്കുപോലും കൃത്യമായി എംബസി അധികൃതര്‍ക്ക് അറിയില്ലെന്നതാണ് വസ്തുത.

Most Popular