Sunday, September 26, 2021
Home Gulf Oman രാജ്യത്തെ പൗരന്മാരെയും പ്രവാസികളെയും സംരക്ഷിക്കുമെന്ന് ഒമാന്‍ ഭരണാധികാരി

രാജ്യത്തെ പൗരന്മാരെയും പ്രവാസികളെയും സംരക്ഷിക്കുമെന്ന് ഒമാന്‍ ഭരണാധികാരി

മസ്‌കത്ത്: രാജ്യത്തെ പൗരന്മാരെയും സ്ഥിര താമസക്കാരായ വിദേശികളെയും സംരക്ഷിക്കുന്ന നിലപാടായിരിക്കും ഒമാന്‍ ഭരണകൂടത്തിന്റേതെന്ന് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സൈദ്. കോവിഡ് പ്രതിരോധ ചുമതലയുള്ള ഒമാന്‍ സുപ്രിം കമ്മിറ്റി അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു ഒമാന്‍ ഭരണാധികാരി. സുപ്രീം കമ്മിറ്റിയുടെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ സംതൃപ്തിയും അദ്ദേഹം പ്രകടിപ്പിച്ചു.

ഇന്ന് രാവിലെ ബൈത് അല്‍ ബര്‍ഖാ രാജകൊട്ടാരത്തിലാണ് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഒമാന്‍ സുപ്രീം കമ്മറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. കോവിഡ് പ്രതിരോധത്തിനായി പ്രവര്‍ത്തിച്ച സുല്‍ത്താന്‍ ആംഡ് ഫോഴ്സ്, റോയല്‍ ഒമാന്‍ പോലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍ മറ്റ് സുരക്ഷാ സേനകള്‍ എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു. രാജ്യത്തെ സര്‍ക്കാര്‍ – സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സ്വദേശികള്‍ക്കും ഒപ്പം വിദേശികള്‍ക്കും ഒമാന്‍ ഭരണാധികാരി അഭിനന്ദനങ്ങള്‍ അറിയിച്ചു.

പുതിയ സാഹചര്യങ്ങളുമായി ക്രമേണ പൊരുത്തപ്പെടണമെന്ന് അദ്ദേഹം രാജ്യത്തോട് ആവശ്യപ്പെട്ടു. കൊറോണ വൈറസ് പോലുള്ള മാരക രോഗങ്ങളെ ചെറുക്കാന്‍ ഒരു പൊതു ആരോഗ്യ പരിശോധനാ കേന്ദ്രം ഉടന്‍ സ്ഥാപിക്കുവാനും ഒമാന്‍ ഭരണാധികാരി ഉത്തരവിട്ടു.


 

Most Popular