Sunday, September 19, 2021
Home Newsfeed 35 ശതമാനം സ്വദേശിവല്‍ക്കരണം ലക്ഷ്യമിട്ട് ഒമാന്‍; നിരവധി മലയാളികള്‍ക്ക് ജോലി പോവും

35 ശതമാനം സ്വദേശിവല്‍ക്കരണം ലക്ഷ്യമിട്ട് ഒമാന്‍; നിരവധി മലയാളികള്‍ക്ക് ജോലി പോവും

മസ്‌കത്ത്: വിവിധ മേഖലകളില്‍ സ്വദേശികവല്‍ക്കരണം ത്വരിതപ്പെടുത്തി ഒമാന്‍. 2024 ആകുമ്പോഴേയ്ക്കും 35% സ്വദേശിവല്‍ക്കരണത്തിനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള പരീക്ഷകള്‍ക്കു തുടക്കം കുറിച്ചു. ഭരണനിര്‍വഹണ കാര്യാലയങ്ങളില്‍ 1,000ല്‍ ഏറെ സ്വദേശികളെ ഉടന്‍ നിയമിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

സ്വകാര്യ ആരോഗ്യമേഖലയില്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കാനുള്ള ‘ബാദിര്‍’ ക്യാംപെയ്‌ന്റെ ആദ്യഘട്ടമായി 228 പേര്‍ ജോലിയില്‍ പ്രവേശിച്ചു. 185 നഴ്‌സുമാര്‍ക്കും 43 ഡന്റിസ്റ്റുകള്‍ക്കുമാണു നിയമനം. ആരോഗ്യ മന്ത്രാലയത്തിന്റെ ഹെല്‍ത്ത് ലൈസന്‍സ് നേടി, സര്‍ക്കാര്‍ ആശുപത്രികളില്‍ 3 മാസം പരിശീലനം പൂര്‍ത്തിയാക്കിയാണ് സ്വദേശികള്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ ജോലിക്കെത്തുന്നത്.

ഇവര്‍ക്കു തൊഴില്‍ മന്ത്രാലയം സാമ്പത്തിക സഹായം നല്‍കും. ഫിനാന്‍സ്, അക്കൌണ്ടിങ്, മാനേജ്‌മെന്റ്, ഡ്രൈവര്‍ തസ്തികകളില്‍ ജനുവരി മുതല്‍ സ്വദേശികള്‍ക്കു മാത്രമാണ് നിയമനം. മലയാളികളടക്കം ആയിരക്കണക്കിനു പ്രവാസികളെ ഇതു ബാധിച്ചു. ഹോം ഡെലിവറിയടക്കം നൂറിലേറെ തസ്തികകളിലെ വിസ നിരോധനത്തിനു പുറമേയാണിത്. പല മേഖലകളിലെയും ഡ്രൈവര്‍ തസ്തികകളില്‍ നിന്നു ഇതിനകം പ്രവാസികളെ ഒഴിവാക്കിത്തുടങ്ങിയിട്ടുണ്ട്. നിരവധി മലയാളികള്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്നുണ്ട്.

Most Popular