
ഒമാനിലെ ഈ മൈതാനം ഇനി അഫ്ഗാനിസ്താന്റെ ഹോം ഗ്രൗണ്ട്
മസ്കത്ത്: ഒമാന്‍ ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നു. അമിറാത്തിലെ ഒമാന്‍ ക്രിക്കറ്റ് അസോസിയേഷന്റെ ഒന്നാം നമ്പര്‍ മൈതാനത്തില്‍ ടെസ്റ്റ്, ഏകദിന, ട്വന്റി20 മത്സരങ്ങള്‍ നടത്തുന്നതിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി)യുടെ അംഗീകാരം ലഭിച്ചു. അതേസമയംഅഫ്ഗാനിസ്താന് തങ്ങളുടെ ടെസ്റ്റ്, ഏകദിന, ട്വന്റി20 മത്സരങ്ങള്‍ നടത്തുന്നതിനുള്ള ഹോം വേദിയായി ഒമാനെ തിരഞ്ഞെടുക്കുകയും ചെയ്തു. ഇതോടെ ഈ മാസം 26, 29,31 തിയതികളില്‍ അയര്‍ലന്‍ഡുമായുള്ള അഫ്ഗാനിസ്താന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ ഈ വേദിയില്‍ വെച്ച് നടക്കും.
ഫെബ്രുവരിയില്‍ രണ്ടു ടെസ്റ്റും മൂന്ന് ട്വന്റി20 മത്സരങ്ങളും അടങ്ങുന്ന അഫ്ഗാനിസ്താനും സിംബാബ്വെയുമായുള്ള മത്സര പോരാട്ടങ്ങളും ഇവിടെ നടക്കും. യു.എ.ഇയിലും ഇന്ത്യയിലുമായി നടത്താനിരുന്ന മത്സരങ്ങളാണ് ഒമാനിലേക്കു മാറ്റിയത്. ടെസ്റ്റ് മത്സരത്തിന് മുമ്പ് ഇവിടത്തെ സിറ്റിങ് ശേഷി വര്‍ധിപ്പിക്കാന്‍ ക്രിക്കറ്റ് അസോസിയേഷന് പദ്ധതിയുണ്ട്.
ഇതോടെ യു.എ.ഇക്കു പിന്നാലെ ടെസ്റ്റ്, ഏകദിനം, ട്വന്റി20 മത്സരങ്ങള്‍ നടത്താന്‍ അനുമതിയുള്ള രാജ്യമായി ഒമാന്‍ മാറി. ഒമാന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് അഭിമാന നിമിഷമാണ് ഇതെന്ന് ഒമാന്‍ ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി മധു ജസ്റാണി പറഞ്ഞു.