Friday, June 18, 2021
Home Gulf Oman ഒമാനില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ശരീര താപനില 38 ഡിഗ്രിക്ക് മുകളിലെങ്കില്‍ പിസിആര്‍ പരിശോധന നിര്‍ബന്ധം

ഒമാനില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ശരീര താപനില 38 ഡിഗ്രിക്ക് മുകളിലെങ്കില്‍ പിസിആര്‍ പരിശോധന നിര്‍ബന്ധം

മസ്‌കത്ത്: ഒമാനില്‍ നിന്നുള്ള വിമാന യാത്രക്കാരുടെ ശരീര താപനില 38 ഡിഗ്രിക്ക് മുകളില്‍ കാണുന്ന പക്ഷം പിസിആര്‍ പരിശോധന നിര്‍ബന്ധമായിരിക്കുമെന്ന് ഒമാന്‍ വിമാനത്താവള കമ്പനി ഓര്‍മിപ്പിച്ചു. തെര്‍മല്‍ സ്‌കാനിങില്‍ പനിയുള്ളതായി കണ്ടെത്തിയാലാണ് പരിശോധന നടത്തുക. പിസിആര്‍ വേണ്ടവര്‍ക്ക് മസ്‌കത്ത്, സലാല വിമാനത്താവളത്തില്‍ തന്നെ അതിന് സൗകര്യങ്ങളുണ്ടെന്നും യാത്രക്കാര്‍ക്കായുള്ള പുതുക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ വിമാനത്താവള കമ്പനി അറിയിച്ചു.

മസ്‌കത്ത് വിമാനത്താവളത്തിലെ പി5 പാര്‍ക്കിങ് കേന്ദ്രത്തിലും സലാല വിമാനത്താവളത്തില്‍ കാര്‍ഗോ ടെര്‍മിനലിലുമാണ് പിസിആര്‍ പരിശോധനക്ക് സൗകര്യം ഒരുക്കിയിരിക്കുന്നത്. 19 റിയാലാണ് ഫീസ്. 24 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം ലഭ്യമാകും.

സ്വദേശികള്‍ക്കും വിദേശികള്‍ക്കും രാജ്യത്തിന് പുറത്തുപോകാന്‍ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെങ്കിലും യാത്ര ചെയ്യുന്ന രാജ്യത്തെ കോവിഡ് ചികിത്സാ ചെലവിനായുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടാകണമെന്ന് വിമാനത്താവള കമ്പനി അറിയിച്ചു. ആരോഗ്യ-സുരക്ഷാ നടപടി പാലിക്കുന്നതിന്റെ ഭാഗമായുള്ള കാത്തിരിപ്പ് ഒഴിവാക്കാന്‍ സാധ്യമെങ്കില്‍ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ അടക്കം കാര്യങ്ങള്‍ ചെയ്യണം.

വിമാനം പുറപ്പെടുന്നതിന് മൂന്ന് മുതല്‍ നാല് മണിക്കൂര്‍ മുമ്പുവരെ വിമാനത്താവളത്തില്‍ എത്തണം. ചെക്ക് ഇന്‍ നടപടിയിലും സുരക്ഷാ പരിശോധനയിലും ഫോണ്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കൈകളില്‍ പാടില്ലെന്നും അറിയിപ്പില്‍ പറയുന്നു.

Most Popular