Saturday, June 19, 2021
Home Gulf Oman ഒമാനില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു; ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 265 ആയി

ഒമാനില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു; ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 265 ആയി

മസ്‌കത്ത്: ഒമാനില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി മാത്യു ഫിലിപ്പ് (സണ്ണി-70), പാലക്കാട് തിരുവില്ലാമല പഴമ്പാലക്കോട് സ്വദേശി ശശിധരന് (58) എന്നിവരാണ് മസ്‌കത്തില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 265 ആയി.

ശശിധരന്‍ ബുധനാഴ്ച രാത്രി റോയല്‍ ആശുപത്രിയിലാണ് മരിച്ചത്. ഹമരിയയില്‍ തയ്യല്‍ ജോലിക്കാരനായിരുന്നു. സൗദിയിലായിരുന്ന ഇദ്ദേഹം ഒരു വര്‍ഷം മുമ്പാണ് ഒമാനിലെത്തിയത്. കഴിഞ്ഞ എട്ടിനാണ് ഇദ്ദേഹത്തെ അല്‍ നഹ്ദ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

നില വഷളായതിനെ തുടര്‍ന്ന് പിന്നീട് റോയല്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 15 ദിവസമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. പങ്കജ ദേവിയാണ് ഭാര്യ. മക്കള്‍: ശില്‍പ്പ, അഖില്‍, അജിത്ത്. മരുമക്കള്‍: മിജീഷ്, ബിനുഷ.

സണ്ണിയും ബുധനാഴ്ച രാത്രി റോയല്‍ ആശുപത്രിയിലാണ് മരിച്ചത്. കോസ്‌മെറ്റിക്‌സ് ഉത്പന്നങ്ങളുടെ ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ചുവരുകയായിരുന്നു. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നയാളാണ്. ജൂണ്‍ രണ്ടാം തീയതിയാണ് ഇദ്ദേഹത്തിന് കോവിഡ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ നില ഗുരുതരമായതിനെ തുടര്‍ന്ന് കഴിഞ്ഞ 17നാണ് റോയല്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

ഭാര്യ: സൂസന്‍ മാത്യു. മക്കള്‍: ഫിലിപ്പ് മാത്യു, സീന സ്റ്റാന്‍ലി, സിന്‍സി മേരി മാത്യു. 48 വര്‍ഷത്തോളമായി ഇദ്ദേഹം ഒമാനിലുണ്ട്. മുമ്പ് അല്‍ ഖുവൈറില്‍ പ്രവര്‍ത്തിച്ചിരുന്ന സണ്ണി സൂപ്പര്‍മാര്‍ക്കറ്റ് ഇദ്ദേഹത്തിന്‍േറതായിരുന്നു. ഒമാനില്‍ 11 മലയാളികളാണ് ഇതിനകം കോവിഡ് ബാധിച്ചുമരിച്ചത്.

Most Popular