Tuesday, June 15, 2021
Home Gulf Oman ഒമാനില്‍ ജല, വൈദ്യുതി നിരക്കുകള്‍ ഉയര്‍ത്തി; വര്‍ധനവ് ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍

ഒമാനില്‍ ജല, വൈദ്യുതി നിരക്കുകള്‍ ഉയര്‍ത്തി; വര്‍ധനവ് ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍

മസ്‌കത്ത്: ഒമാനില്‍ ജനുവരി ഒന്ന് മുതല്‍ ജല, വൈദ്യുതി നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ വരുകയെന്ന് ഊര്‍ജ മന്ത്രിയും പബ്ലിക് സര്‍വിസ് റെഗുലേറ്ററി അതോറിറ്റി ഡയറക്ടറുമായ മുഹമ്മദ് ബിന്‍ ഹമദ് അല്‍ റുംഹിയുടെ ഉത്തരവില്‍ പറയുന്നു. സബ്‌സിഡികള്‍ അര്‍ഹരായ സ്വദേശികള്‍ക്ക് മാത്രം പരിമിതപ്പെടുത്തണമെന്ന സാമ്പത്തിക പരിഷ്‌കരണ പദ്ധതിയിലെ നിര്‍ദേശപ്രകാരമാണ് നിരക്ക് വര്‍ധന. ഓരോ വര്‍ഷവും നിരക്ക് വര്‍ധന ഉണ്ടാകും. വിദേശികളുടെ താമസയിടങ്ങളിലെ വൈദ്യുതി സബ്‌സിഡി 2023ഓടെയും ജല സബ്‌സിഡി 2024ഓടെയും പൂര്‍ണമായി ഒഴിവാക്കാനാണ് പദ്ധതി. ഈ മേഖലയിലെ എല്ലാ സബ്‌സിഡികളും 2025ഓടെയാണ് പൂര്‍ണമായി ഒഴിവാകുക.

വിദേശികളുടെ താമസയിടങ്ങളില്‍ പ്രതിമാസം 500 കിലോവാട്ട് വരെയാണ് വൈദ്യുതി ഉപയോഗമെങ്കില്‍ യൂനിറ്റ് ഒന്നിന് 20 ബൈസ വീതവും 501 മുതല്‍ 1500 വരെയാണെങ്കില്‍ 25 ബൈസ വീതവും 1500ന് മുകളിലാണെങ്കില്‍ 30 ബൈസ വീതവുമായിരിക്കും പുതുക്കിയ നിരക്ക്. സ്വദേശികളുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകള്‍ക്ക് യഥാക്രമം യൂനിറ്റ് ഒന്നിന് 15, 20, 30 ബൈസ എന്ന ക്രമത്തിലാണ് നിരക്ക്. രണ്ടില്‍ കൂടുതല്‍ അക്കൗണ്ടുകളുള്ളവര്‍ അധികമുള്ളവക്ക് വിദേശികളുടെ നിരക്ക് അടക്കണം. വര്‍ഷത്തില്‍ നൂറ് മെഗാവാട്ടിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹികതേര ഉപഭോക്താക്കള്‍ അല്ലാത്തവര്‍ക്ക് സി.ആര്‍.ടി (കോസ്റ്റ് റിഫ്‌ലക്ടിവ് താരിഫ്) ബാധകമായിരിക്കും. ഈ വിഭാഗക്കാരില്‍നിന്ന് വൈദ്യുതി ഉപഭോഗം കുറവുള്ള സമയങ്ങളില്‍ കുറഞ്ഞ നിരക്കും കൂടിയ സമയങ്ങളില്‍ ഉയര്‍ന്ന നിരക്കുമാണ് ഈടാക്കുക. വൈദ്യുതി ഉല്‍പാദനം, വിതരണം തുടങ്ങിയവക്കുള്ള ചെലവുകള്‍ ഉള്‍പ്പെടുത്തിയാണ് ഈ വിഭാഗത്തിലെ നിരക്കുകള്‍ ക്രമീകരിച്ചിട്ടുള്ളത്.

വര്‍ഷത്തില്‍ നൂറ് മെഗാവാട്ടില്‍ താഴെ ഉപയോഗിക്കുന്ന ഗാര്‍ഹികതേര ഉപഭോക്താക്കളുടെ നിരക്ക് ഏകീകരിച്ചിട്ടുണ്ട്. ഇവര്‍ ജനുവരി ഒന്ന് മുതല്‍ ഏപ്രില്‍ 30 വരെയും ഒക്‌ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയും സമയത്ത് കിലോവാട്ടിന് 21 ബൈസ വീതവും മേയ് ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള വേനല്‍കാലത്ത് കിലോവാട്ടിന് 29 ബൈസ വീതവുമാണ് അടക്കേണ്ടത്. കാര്‍ഷിക-ഫിഷറീസ് മേഖലയില്‍ 3000 യൂനിറ്റ് വരെ കിലോവാട്ടിന് 12 ബൈസയായും ആറായിരം വരെ 16 ബൈസയായും ആറായിരത്തിന് മുകളില്‍ 24 ബൈസയുമായും നിരക്ക് ഏകീകരിച്ചിട്ടുണ്ട്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്വദേശികളെ സബ്‌സിഡി ഒഴിവാക്കല്‍ ബാധിക്കാതിരിക്കുന്നതിനായി നാഷനല്‍ സബ്‌സിഡി സംവിധാനത്തില്‍ വൈദ്യുതിയും ജലവും ഉള്‍പ്പെടുത്തും. നിലവില്‍ ഇന്ധന സബ്‌സിഡി മാത്രമാണ് നാഷനല്‍ സബ്‌സിഡി സംവിധാനം വഴി നല്‍കുന്നത്. വൈദ്യുതി, ജല വിതരണ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസന നിക്ഷേപത്തിന് പുറമെ ഗാര്‍ഹിക, വ്യവസായിക, കാര്‍ഷിക മേഖലകളിലെയടക്കം ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡിയും ഇതുവരെ നല്‍കി വന്നിരുന്നു.എല്ലാ ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്കും ഗാലണിന് 4.5 ബൈസ, ക്യുബിക്ക് മീറ്ററിന് 990 ബൈസ എന്നീ തോതിലായിരിക്കും പുതുക്കിയ നിരക്ക്. വിദേശികളുടെ താമസയിടങ്ങളില്‍ ഗാലണിന് 3 ബൈസ, ക്യുബിക്ക് മീറ്ററിന് 660 ബൈസ എന്നിങ്ങനെ നല്‍കണം. സ്വദേശികള്‍ക്ക് രണ്ട് അക്കൗണ്ട് വരെ ഗാലണിന് 2.5 ബൈസ, ക്യുബിക്ക് മീറ്ററിന് 550 ബൈസ എന്നിങ്ങനെയും അടക്കണം. ഉപഭോക്താക്കളുടെ എണ്ണം ഉയരുന്നതിന് അനുസരിച്ച് സര്‍ക്കാറിന്റെ സാമ്ബത്തിക ഭാരവും വര്‍ധിക്കുന്നത് കണക്കിലെടുത്താണ് സബ്‌സിഡി ഒഴിവാക്കുന്നതിനായുള്ള തീരുമാനം. ഗാര്‍ഹിക മേഖലയിലെ വൈദ്യുതി നിരക്കുകള്‍ക്ക് 1987ന് ശേഷം മാറ്റം വന്നിട്ടില്ല.

Most Popular