Wednesday, May 12, 2021
Home Gulf Oman ഒമാനില്‍ അഭിപ്രായ സര്‍വേകള്‍ക്ക് മുന്‍കൂര്‍ അനുമതി നിര്‍ബന്ധം

ഒമാനില്‍ അഭിപ്രായ സര്‍വേകള്‍ക്ക് മുന്‍കൂര്‍ അനുമതി നിര്‍ബന്ധം

മസ്‌കത്ത്: രാജ്യത്തെ പൊതുജനങ്ങള്‍ക്കിടയില്‍ അഭിപ്രായ സര്‍വേകളും അഭിപ്രായ വോട്ടെടുപ്പുകളും നടത്തുന്നതിന് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്ന് ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ അറിയിപ്പ്. അടുത്തകാലത്തായി ജനങ്ങള്‍ക്കിടയില്‍ പലരും പൊതുജനാഭിപ്രായങ്ങള്‍ തേടുന്ന സര്‍വേ നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നല്‍കുന്നതെന്ന് ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു. അനുമതിയില്ലാതെ സര്‍വേ നടത്തുന്നത് നിയമലംഘനമായാണ് കണക്കാക്കുകയെന്നും ജനങ്ങള്‍ ഇത്തരക്കാര്‍ക്ക് സ്വകാര്യ വിവരങ്ങള്‍ നല്‍കരുതെന്നും അധികൃതര്‍ വ്യക്തമാക്കി.

അറിയില്ലാത്ത ആളുകള്‍ക്ക് സ്വകാര്യ വിവരങ്ങള്‍ നല്‍കുന്നതില്‍നിന്ന് സ്വദേശികളും വിദേശികളും വിട്ടുനില്‍ക്കണം. ഇങ്ങനെ സര്‍വേകള്‍ നടത്തി ജനങ്ങളില്‍നിന്ന് വിവരം ശേഖരിക്കണമെന്ന് ആഗ്രഹമുള്ളവര്‍ അതോറിറ്റിയുടെ അനുമതി ആദ്യം എടുക്കണം. അല്ലാത്ത പക്ഷം നിയമപരമായ നടപടിയുണ്ടാകും. അനുമതിക്കായി www.ncsi.gov.om എന്ന വെബ്‌സൈറ്റില്‍ ഇ-സര്‍വിസസ് വിഭാഗത്തിലുള്ള സര്‍വേ റിക്വസ്റ്റ് ഫോറം പൂരിപ്പിച്ച് നല്‍കണം.

Most Popular