Thursday, August 5, 2021
Home Gulf Oman വിസയുള്ള പ്രവാസികള്‍ക്ക് ഒക്ടോബര്‍ 1 മുതല്‍ ഒമാനിലേക്ക് മടങ്ങാം

വിസയുള്ള പ്രവാസികള്‍ക്ക് ഒക്ടോബര്‍ 1 മുതല്‍ ഒമാനിലേക്ക് മടങ്ങാം

മസ്‌കത്ത്: ഒക്ടോബര്‍ ഒന്നു മുതല്‍ സാധുവായ റസിഡന്റ് കാര്‍ഡുള്ള വിദേശികള്‍ക്ക് ഒമാനിലേക്ക് തിരികെ വരാമെന്ന് കോവിഡ് കാര്യ സുപ്രീം കമ്മിറ്റി. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുപ്രിം കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

ഒക്ടോബര്‍ ഒന്നിനാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കായി ഒമാനിലെ വിമാനത്താവളങ്ങള്‍ തുറക്കുന്നത്. തിരികെ വരുന്ന വിദേശ തൊഴിലാളികള്‍ക്കായി വിമാനത്താവളത്തില്‍ പി.സി.ആര്‍ പരിശോധനയുണ്ടാകും. ഇതിന് പുറമെ 14 ദിവസത്തെ ക്വാറന്റീനും നിര്‍ബന്ധമായിരിക്കും. ഇതിന്റെ ചെലവ് പ്രവാസികള്‍ വഹിക്കണം.

നിലവില്‍ ഒമാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്ന റസിഡന്റ് വിസക്കാര്‍ക്ക് മാത്രമാണ് ഒമാനിലേക്ക് തിരികെ വരാന്‍ അനുമതിയുള്ളത്. അതേസമയം, ആറു മാസത്തിലധികമായി രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് സ്പോണ്‍സറുടെ അനുമതിയോടെ മാത്രമാണ് തിരികെ വരാന്‍ കഴിയുകയുള്ളൂവെന്ന നിയമം നിലനില്‍ക്കുമെന്നാണ് സൂചന.

ദോഫാര്‍ ഗവര്‍ണറേറ്റില്‍ കഴിഞ്ഞ മൂന്ന് മാസത്തിലധികമായി തുടരുന്ന ലോക്ഡൗണ്‍ ഒക്ടോബര്‍ ഒന്നു മുതല്‍ നീക്കം ചെയ്യാനും സുപ്രിം കമ്മിറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്.

Most Popular