Friday, June 18, 2021
Home Gulf Oman ഇനിയും പിടിച്ചുനില്‍ക്കാനാവില്ല, നാടണയാന്‍ സഹായിക്കണം; കുടുസ്സു മുറിയില്‍ ദുരിതം പേറി ഒമ്പതു മലയാളികള്‍

ഇനിയും പിടിച്ചുനില്‍ക്കാനാവില്ല, നാടണയാന്‍ സഹായിക്കണം; കുടുസ്സു മുറിയില്‍ ദുരിതം പേറി ഒമ്പതു മലയാളികള്‍

മസ്‌കത്ത്: ഭക്ഷണത്തിന് പോലും പണമില്ലാതെ ഒമാനിലെ ഇസ്‌കിയിലെ കുടുസ്സു മുറിയില്‍ ദുരിത ജീവിതം നയിച്ച് ഒന്‍പത് മലയാളികള്‍. കൈയില്‍ ഒരു റിയാലു പോലുമില്ലാതെ കൊടും ദുരിതത്തില്‍ കഴിയുന്ന ഇവര്‍ മടക്ക യാത്രയ്ക്കുവേണ്ടി ഇന്ത്യന്‍ എംബസിയുടെയോ സാമൂഹിക സംഘടനകളുടെയോ സഹായത്തിനായി കാത്തിരിക്കുകയാണ്.

മസ്‌കത്തില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ ഇസ്‌കിയിലെ ‘ആഫിയ’ എന്ന സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന ഒരു ഹോട്ടല്‍ ആന്റ് കോഫി ഷോപ്പിലെ ജീവനക്കാരാണ് ആഹാരത്തിനു പോലും വകയില്ലാതെ ഇപ്പോള്‍ ബുദ്ധിമുട്ടുന്നത്. മാര്‍ച്ചില്‍ ഒമാനില്‍ കോവിഡ് വ്യാപനം ആരംഭിച്ചതോടെ അടഞ്ഞുപോയ കോഫി ഷോപ്പ് ഇതുവരെ തുറക്കാന്‍ സാധിച്ചിട്ടില്ല. നിസ്‌വ- മസ്‌കത്ത് ഹൈവേയില്‍ കൂടിയുള്ള യാത്രക്കാരെ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തില്‍ നിന്നുള്ള വരുമാനം പൂര്‍ണമായും നിലച്ചു.

സാമൂഹിക പ്രവര്‍ത്തകരുടെയും സുമനസ്സുകളുടെയും സഹായത്താല്‍ ഇതുവരെ ഒരോദിവസവും തള്ളിനീക്കുകയായിരുന്നെന്നും ഇനിയും പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും ഷോപ്പ് ഉടമയായ കണ്ണൂര്‍ സ്വദേശി നസ്ലിന്‍ മുഹമ്മദ് പറഞ്ഞു. വാടകയ്ക്കും ആഹാരത്തിനുമുള്ള പണത്തിന് പുറമെ മരുന്നും ചികിത്സയും ആവശ്യമായവരും സംഘത്തിലുണ്ട്.

കോഫി ഷോപ്പിലെ മുതിര്‍ന്ന ജീവനക്കാരനായ മലപ്പുറം സ്വദേശി നാരായണന്‍ ആസ്മ രോഗിയാണ്. മരുന്നിന്റെ ദൗര്‍ലഭ്യം കാരണം രോഗം മൂര്‍ഛിക്കുമെന്ന ആശങ്കയിലാണ് അദ്ദേഹം. സംഘത്തിലെ മിക്കവരുടെയും തൊഴില്‍ വിസയുടെ കാലാവധിയും അവസാനിച്ചു. കൊവിഡ് രോഗ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒരു മുറിയ്ക്കുള്ളില്‍ തിങ്ങി ഞെരുങ്ങി താമസിക്കുന്നത് തന്നെ അപകടകരവുമാണ്. എങ്ങിനെയെങ്കിലും നാട്ടിലെത്താന്‍ അധികൃതരോ സംഘടനകളോ കനിയണമെന്നാണ് ഇവരുടെ ആവശ്യം.


 

Most Popular