Thursday, August 5, 2021
Home Newsfeed മൂന്ന് മലയാളികള്‍ കൂടി ഒമാനില്‍ കോവിഡ് ബാധിച്ച് മരിച്ചു

മൂന്ന് മലയാളികള്‍ കൂടി ഒമാനില്‍ കോവിഡ് ബാധിച്ച് മരിച്ചു

മസ്‌കത്ത്: കോവിഡ് വ്യാപനം ഭീതിതമായി തുടരുന്ന ഒമാനില്‍മൂന്ന് മലയാളികള്‍ കൂടി കോവിഡ് മൂലം മരിച്ചു. കോഴിക്കോട് കക്കോടി സ്വദേശി വാഴക്കാട്ടില്‍ പരേതനായ കുട്ടന്റെ മകന്‍ ജയരാജന്‍ (60), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി രാജീവന്‍ (41), തലശേരി ചൊക്ലി നിടുമ്പ്രം സ്വദേശി വേലാണ്ടി കുനിയില്‍ പ്രവീണ്‍ (48) എന്നിവരാണ് മരിച്ചത്.

ജയരാജന്‍ സുഹാറിലാണ് മരിച്ചത്. സുഹാര്‍ സനയ്യയിലുള്ള സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. കല്ല്യാണി മാതാവും രേണുക ഭാര്യയുമാണ്. മകന്‍: ജിനുരാജ്. കുടുംബം മസ്‌കത്തിലുണ്ട്.

തളിപ്പറമ്പ് സ്വദേശി രാജീവന്‍ മസ്‌കത്തില്‍ ഞായറാഴ്ചയാണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ എന്‍ജിനീയറായിരുന്ന രാജീവന്‍ കോവിഡ് ബാധിച്ച് ഒരാഴ്ചയോളമായി ചികിത്സയിലായിരുന്നു. ഭാര്യ: നീലിമ. മക്കള്‍: ശ്രീനന്ദ്, തന്‍വി.

പ്രവീണ്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് മരണപ്പെട്ടത്. മരണശേഷം നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസം മുമ്പ് ശ്വാസതടസത്തിന് ചികില്‍സ തേടിയിരുന്നു. വാദികബീറിലെ പ്രിന്റിങ് പ്രസില്‍ ചിത്രകാരനും ഗ്രാഫിക് ഡിസൈനറുമായി ജോലി ചെയ്തുവരുകയായിരുന്നു. ഇരുപതു വര്‍ഷമായി ഒമാനിലുണ്ട്.

പ്രവീണ്‍ ചലച്ചിത്ര സംവിധായകനും ചലച്ചിത്ര അക്കാദമി അംഗവുമായ പ്രദീപ് ചൊക്ലിയുടെ മാതൃസഹോദരനാണ്. പരേതനായ നാണുവിന്റെയും ശാരദയുടെയും മകനാണ്. ജുമയാണ് ഭാര്യ. മക്കള്‍: ഓഷിന്‍, ലിറിക്.

 

Most Popular