Thursday, June 17, 2021
Home Gulf Oman ഒമാനില്‍ നിന്ന് ഇന്ന് കോഴിക്കോട്ടേക്ക് രണ്ട് ചാര്‍ട്ടര്‍ വിമാനങ്ങള്‍; ടിക്കറ്റ് വന്ദേഭാരത് നിരക്കില്‍

ഒമാനില്‍ നിന്ന് ഇന്ന് കോഴിക്കോട്ടേക്ക് രണ്ട് ചാര്‍ട്ടര്‍ വിമാനങ്ങള്‍; ടിക്കറ്റ് വന്ദേഭാരത് നിരക്കില്‍

മസ്‌കത്ത്: കോവിഡ് ഭീതിയില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിന് കെഎംസിസിയുടെയും ഐസിഎഫിന്റെയും ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇന്ന് ഒമാനില്‍ നിന്ന് യാത്രയായി. കോഴിക്കോട്ടേക്കുള്ള രണ്ട് വിമാനങ്ങളിലുമായി 360 പേരാണ് നാടണയുക. കുറഞ്ഞനിരക്കിലാണ് യാത്ക്കാര്‍ക്ക് ടിക്കറ്റ് നല്‍കുന്നത്.

മസ്‌കത്ത് കെഎംസിസി കേന്ദ്രകമ്മിറ്റിയുടെ വിമാനം രാവിലെ എട്ടിന് കോഴിക്കോട്ടേക്ക് പുറപ്പെട്ടു. സലാം എയറിന്റെ ഒവി 1481ാം നമ്പര്‍ വിമാനത്തില്‍ 180 പേരാണ് നാട്ടിലെത്തുക. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വന്ദേ ഭാരത് മിഷന്റെ തുല്യമായ ടിക്കറ്റ് നിരക്കാണ് ഉള്ളതെന്ന് മസ്‌കത്ത് കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു.

മുപ്പതു കിലോ ലഗേജിന് പുറമെ ഏഴു കിലോ ഹാന്‍ഡ് ബാഗേജും യാത്രക്കാര്‍ക്ക് കൊണ്ടുപോകാം. 61രോഗികള്‍, 17 കുട്ടികള്‍, 24 ഗര്‍ഭിണികള്‍, വിസ കാലാവധി കഴിഞ്ഞ 24 പേര്‍, ബന്ധുക്കളുടെ മരണവുമായി ബന്ധപ്പെട്ട് നാട്ടില്‍ എത്തേണ്ടവര്‍, തൊഴില്‍ നഷ്ടമായവര്‍, ടിക്കറ്റ് ചാര്‍ജ് വഹിക്കാന്‍ കഴിയാത്തവര്‍ എന്നിവര്‍ അടങ്ങിയതാണ് യാത്രക്കാര്‍.

kmcc oman charter flight
കെഎംസിസി ഒമാന്‍ പ്രസിഡന്റ് റഈസ് അഹമ്മദ് സലാം എയര്‍ സിഇഒയില്‍ നിന്ന് ബോര്‍ഡിങ് പാസ് സ്വീകരിക്കുന്നു

ഐസിഎഫ് ഒമാന്‍ നാഷനല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ചാര്‍ട്ടേഡ് വിമാനവും കോഴിക്കോട്ടേക്കാണ്. രാവിലെ 10.30നാണ് വിമാനം പുറപ്പെടുന്നതെന്ന് ജനറല്‍ സെക്രട്ടറി മുഹമ്മദ് റാസിഖ് അറിയിച്ചു. 11 ഗര്‍ഭിണികള്‍, അടിയന്തര ചികിത്സ ആവശ്യമുള്ള 42 പേര്‍, സന്ദര്‍ശന വിസയില്‍ എത്തി ഒമാനില്‍ കുടുങ്ങിയ 50 പേര്‍, ജോലി നഷ്ടപ്പെട്ട 48 പ്രവാസികള്‍ എന്നിവരുള്‍പ്പെടെ 180 യാത്രക്കാരാണ് ഉണ്ടാവുക. യാത്രക്കാരില്‍15 ശതമാനത്തോളം സൗജന്യ ടിക്കറ്റിലാണ് നാടണയുന്നത്. 50 ശതമാനം യാത്രക്കാര്‍ക്ക് 10 മുതല്‍ 50 ശതമാനം വരെ നിരക്കിളവും നല്‍കിയിട്ടുണ്ടെന്ന് ഐ.സി.എഫ് നാഷനല്‍ കമ്മിറ്റി അറിയിച്ചു. ബാക്കിയുള്ളവര്‍ സാധാരണ നിരക്കിലും യാത്ര ചെയ്യും.

വരും ദിവസങ്ങളില്‍ കണ്ണൂര്‍, കൊച്ചി സെക്ടറുകളിലേക്ക് സര്‍വിസ് നടത്തുന്നതിനും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മസ്‌കത്തിലെ പ്രമുഖ കമ്പനിയായ സഊദ് ബഹ്‌വാനില്‍ നിന്ന് ജോലി നഷ്ടപ്പെട്ടവരുമായുള്ള ചാര്‍ട്ടേഡ് വിമാനം വെള്ളിയാഴ്ച കൊച്ചിയിലെത്തിയിരുന്നു. ആയിരത്തിലധികം പേര്‍ക്കാണ് ഇവിടെ തൊഴില്‍ നഷ്ടമായത്.

Two charter flights departed from oman today


 

Most Popular