Wednesday, May 12, 2021
Home Gulf Oman നൂറ്​ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്​ ഒമാനില്‍ വിസയില്ലാതെ പ്രവേശനം

നൂറ്​ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്​ ഒമാനില്‍ വിസയില്ലാതെ പ്രവേശനം

മസ്‌കത്ത്: നൂറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒമാനില്‍ വിസയില്ലാതെ പ്രവേശനം അനുവദിക്കും. ടൂറിസം മേഖലക്ക് കരുത്ത് പകരുന്നതിന് ഒപ്പം വിദേശ ടൂറിസ്റ്റുകളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ കൂടി ഭാഗമായാണ് വിസാ രഹിത പ്രവേശനം അനുവദിക്കാനുള്ള തീരുമാനമെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. ധനകാര്യ മന്ത്രാലയം തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഇടക്കാല ധന സന്തുലന പദ്ധതിയിലാണ് ഇക്കാര്യം അറിയിച്ചത്. ഇതുവഴി ദേശീയ സമ്പദ്ഘടനയില്‍ ടൂറിസം മേഖലയുടെ വിഹിതം ഉയര്‍ത്താന്‍ സാധിക്കും. ഉയര്‍ന്ന വരുമാനക്കാരില്‍ നിന്ന് നികുതി ഈടാക്കുമെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട തീരുമാനം. 2022 മുതലാണ് വരുമാന നികുതി ഈടാക്കുക. ഈ നികുതി ഏതൊക്കെ രീതിയില്‍, ആരില്‍ നിന്നൊക്കെ ഈടാക്കണമെന്നതടക്കം വിഷയങ്ങള്‍ പഠന വിധേയമാക്കി വരുകയാണ്.

സാമ്പത്തിക വളര്‍ച്ച, വരുമാന വൈവിധ്യവത്കരണം, ചെലവഴിക്കലിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കല്‍, സാമൂഹിക സുരക്ഷാ സംവിധാനം ശക്തമാക്കല്‍ തുടങ്ങിയ കാര്യങ്ങളിലൂന്നിയാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുന്നതിന്റെ ഭാഗമായി റിയല്‍ എസ്‌റ്റേറ്റ് മേഖലയുടെ പുനരുജ്ജീവനം, സര്‍ക്കാര്‍ ഫീസുകളുടെ പുനര്‍ നിര്‍ണയം, തൊഴില്‍ വിപണിയുടെ പരിഷ്‌കരണം, വിദേശ നിക്ഷേപം ആകര്‍ഷിക്കല്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കും. വരുമാന വൈവിധ്യവത്കരണത്തിന്റെ ഭാഗമായി നിക്ഷേപ ഏജന്‍സി സ്ഥാപിക്കല്‍, നികുതി ശേഖരണം ശക്തമാക്കല്‍, മൂല്ല്യ വര്‍ധിത നികുതി തുടങ്ങിയവയാണ് നടപ്പാക്കുക. സര്‍ക്കാര്‍ മേഖലയിലെ ചെലവഴിക്കലിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തന ചെലവ് ഏകീകരിക്കുന്നതടക്കം നടപടികള്‍ കൈകൊള്ളും. ധനകാര്യ പരിഷ്‌കരണങ്ങള്‍ നിശ്ചിത വരുമാനക്കാരെ ബാധിക്കാതിരിക്കാന്‍ സമഗ്രമായ സാമൂഹിക സുരക്ഷാ സംവിധാനവും നടപ്പിലാക്കും. പദ്ധതിയിലെ നിക്ഷേപ ഏജന്‍സി സ്ഥാപിക്കല്‍ അടക്കം പദ്ധതികള്‍ ഒമാന്‍ ഇതിനകം നടപ്പിലാക്കി കഴിഞ്ഞു. മറ്റുപദ്ധതികള്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ നടപ്പിലാക്കും. 2020-24 വര്‍ഷത്തേക്കുള്ള ധനസന്തുലന പദ്ധതിക്ക് സുല്‍ത്താന്‍ നേരത്തേ അംഗീകാരം നല്‍കിയിരുന്നു. സുസ്ഥിര നിലവാരത്തിലുള്ള ധനസന്തുലനം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയില്‍ 2024ഓടെ 12.1 ശതകോടി റിയാലിന്റെ വരുമാനവും 12.6 ശതകോടി റിയാലിന്റെ ചെലവുമാണ് ലക്ഷ്യമിടുന്നത്.

Most Popular