കോവിഡ് പ്രതിസന്ധി: സൗദിയില്‍ ഒന്നരലക്ഷത്തിലേറെ പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമായി

The passengers strabded at airport

റിയാദ്: കോവിഡ് മൂലമുണ്ടായ പ്രതിസന്ധിയില്‍ സൗദി അറേബ്യയിലെ വിദേശ തൊഴിലാളികള്‍ നേരിട്ടത് കനത്ത തിരിച്ചടി. 2020ല്‍ ഒന്നരലക്ഷത്തിലേറെ വിദേശികള്‍ക്ക് രാജ്യത്തെ സ്വകാര്യ മേഖലയില്‍ തൊഴില്‍ നഷ്ടം സംഭവിച്ചത്. സര്‍ക്കാര്‍ ഏജന്‍സിയായ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ വാര്‍ഷിക സ്ഥിതിവിവര റിപ്പോര്‍ട്ടിലാണ് ഇത്രയും വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടതും പകരം അരലക്ഷം സൗദി പൗരന്മാര്‍ക്ക് ജോലി ലഭിച്ചതുമായ വിവരമുള്ളത്.

സ്വകാര്യ മേഖലയില്‍ സ്വദേശി ജീവനക്കാരുടെ എണ്ണം 2.9 ശതമാനമാണ് വര്‍ധിച്ചത്. ഇതോടെ സ്വകാര്യ മേഖലയിലെ ആകെ സ്വദേശി ജീവനക്കാരുടെ എണ്ണം 17.5 ലക്ഷത്തോളമായി. 2019 ഡിസംബറില്‍ സ്വകാര്യ മേഖലയില്‍ സൗദി ജീവനക്കാര്‍ 17 ലക്ഷത്തോളമായിരുന്നു. ശേഷം ഒരു വര്‍ഷത്തിനിടെ അര ലക്ഷം സ്വദേശികള്‍ക്ക് കൂടി നിയമനം ലഭിച്ചു. സ്വദേശി സ്ത്രീ ജീവനക്കാരുടെ എണ്ണത്തിലാണ് ഏറ്റവും വലിയ വളര്‍ച്ചയുണ്ടായത്. വനിതാ ജീവനക്കാരുടെ എണ്ണം 7.6 ശതമാനം തോതില്‍ വര്‍ധിച്ചു. ജോലി ലഭിച്ച അര ലക്ഷത്തോളം സൗദികളില്‍ 40,000ത്തോളവും സ്ത്രീകളാണ്.