News Flash
X
പ്രവേശന ചട്ടങ്ങള്‍ പാലിച്ചില്ല; 50 ഓളം ഇന്ത്യന്‍ പൗരന്മാര്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങി

പ്രവേശന ചട്ടങ്ങള്‍ പാലിച്ചില്ല; 50 ഓളം ഇന്ത്യന്‍ പൗരന്മാര്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങി

personSJ access_timeThursday October 15, 2020
HIGHLIGHTS
ടൂറിസ്റ്റ് വിസ ഉടമകള്‍ പ്രവേശന ചട്ടങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ 50 ഓളം ഇന്ത്യന്‍ പൗരന്മാര്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങി.

ടൂറിസ്റ്റ് വിസ ഉടമകള്‍ പ്രവേശന ചട്ടങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ 50 ഓളം ഇന്ത്യന്‍ പൗരന്മാര്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങി. ബുധനാഴ്ച രാത്രി ഒന്‍പത് മുതല്‍ വിമാനത്താവളത്തില്‍ കുടുങ്ങി കിടന്നെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ദുബായിലെ ഇന്ത്യന്‍ നയതന്ത്രകാര്യ മന്ത്രാലയവും യാത്ര ഏജന്‍സിയും സംഭവം സ്ഥിരീകരിച്ചു. ഇന്ത്യന്‍ യാത്രക്കാരില്‍ പലരും കണ്ണൂര്‍, മുംബൈ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നിന്ന് ഗോ എയര്‍ വിമാനങ്ങള്‍ വഴി എത്തിയതാണെന്ന് ട്രാവല്‍ ഏജന്റുമാര്‍ പറഞ്ഞു. ടൂറിസ്റ്റ് വിസ ഉടമകള്‍ക്ക് പ്രവേശന ചട്ടങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ഏതാനും യാത്രക്കാര്‍ക്ക് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവേശനം നിഷേധിച്ചതായി ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്‌സും (ജിഡിആര്‍എഫ്എ) സ്ഥിരീകരിച്ചു. വിസ നിയമങ്ങള്‍ പാലിക്കുന്ന ബഹുഭൂരിപക്ഷം യാത്രക്കാരും ദുബായ് വിമാനത്താവളത്തിൽ എത്തുമ്പോള്‍ കാലതാമസമുണ്ടാകില്ലെന്നും അതോറിറ്റി അറിയിച്ചു.

യു.എ.ഇ. സന്ദര്‍ശക വിസയില്‍ എത്തുന്നയാള്‍ തിരിച്ചുപോകും എന്ന് വ്യക്തമാക്കുന്ന വാഗ്ദാനപത്രം, ബാങ്ക് സ്റ്റേറ്റ്‌മെന്റ്, മടക്കയാത്രാ ടിക്കറ്റ്, താമസിക്കുന്ന ഹോട്ടലിന്റെ റിസര്‍വേഷന്‍ തെളിവ് എന്നിവകൂടി ഉണ്ടായിരിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആര്‍.എഫ്.എ.) വെബ്‌സൈറ്റ് വഴി അറിയിച്ചിരുന്നു. യു.എ.ഇയില്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ അവരുടെ മേല്‍വിലാസം, എമിറേറ്റ്‌സ് ഐ.ഡിയുടെ പകര്‍പ്പ് എന്നിവയും ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കണം. ഇതുസംബന്ധിച്ച് എല്ലാ ട്രാവല്‍ ആന്‍ഡ് ടൂറിസം കമ്പനികള്‍ക്കും അധികൃതര്‍ നിര്‍ദേശം നല്‍കി. മടങ്ങിപ്പോകുന്നതിനുള്ള വിമാനടിക്കറ്റ് എടുത്തിരിക്കണം എന്ന നിബന്ധന നേരത്തെ നിലവിലുണ്ട്. ഇന്ത്യന്‍ പൗരന്മാരോടൊപ്പം പ്രവേശന ചട്ടങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ 304 പാകിസ്താന്‍ പൗരന്മാര്‍ ഉള്‍പ്പെടെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിസിറ്റ് വിസ ഉടമകൾ ദുബായ് എയർപോർട്ടിൽ  കുടുങ്ങിയിരുന്നു.

SHARE :
folder_openTags
content_copyCategory