X
ഖത്തര്‍ ഉപരോധം അവസാനിക്കുന്നു; വ്യോമ, കര മാര്‍ഗങ്ങള്‍ തുറന്നു നല്‍കാമെന്ന് സൗദി, തീരുമാനം ഉടന്‍ പ്രഖ്യാപിക്കും

ഖത്തര്‍ ഉപരോധം അവസാനിക്കുന്നു; വ്യോമ, കര മാര്‍ഗങ്ങള്‍ തുറന്നു നല്‍കാമെന്ന് സൗദി, തീരുമാനം ഉടന്‍ പ്രഖ്യാപിക്കും

personTF access_timeThursday December 3, 2020
HIGHLIGHTS
മൂന്നു വര്‍ഷമായി തുടരുന്ന ഖത്തര്‍ ഉപരോധം അവസാനിക്കാന്‍ പോവുകയാണെന്ന് സൂചന

ദോഹ: മൂന്നു വര്‍ഷമായി തുടരുന്ന ഖത്തര്‍ ഉപരോധം അവസാനിക്കാന്‍ പോവുകയാണെന്ന് സൂചന. ഖത്തര്‍ എയര്‍വെയ്‌സ് വിമാനങ്ങള്‍ക്കായി സൗദി അറേബ്യ തങ്ങളുടെ വ്യോമ മാര്‍ഗം തുറക്കുമെന്നാണ് റിപ്പോര്‍ട്ട്. കര അതിര്‍ത്തിയും സൗദി തുറന്നു നല്‍കുമെന്ന റിപ്പോര്‍ട്ടുണ്ട്.

ഉപരോധം നീക്കുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഉടന്‍ പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ഉപരോധം നീക്കുന്നതുമായി ബന്ധപ്പെട്ട് യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നും ഇതുവരെ പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല.

വൈറ്റ്ഹൗസിലെ മുതിര്‍ന്ന ഉപദേശകനും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനുമായ ജാരേദ് കുഷ്‌നര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഖത്തറിലേക്കും സൗദി അറേബ്യയിലേക്കും നടത്തിയ യാത്രയുടെ ഫലമായാണ് ഉപരോധ കാര്യത്തിലെ പുതിയ മുന്നേറ്റമെന്നാണ് വിലയിരുത്തല്‍.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കഴിഞ്ഞ ദിവസം നിയോമില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം കുഷ്‌നര്‍ ബുധനാഴ്ച ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി ദോഹയില്‍ ചര്‍ച്ച നടത്തിയിരുന്നു.

മൂന്നു വര്‍ഷത്തെ ഗള്‍ഫ് പ്രതിസന്ധിയ്ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയായിരുന്നു കുഷ്നറിന്റെ ഇരു രാജ്യങ്ങളിലെയും സന്ദര്‍ശനം എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇരു രാജ്യങ്ങളും പുറത്തുവിട്ടിട്ടുമില്ല.

ഖത്തര്‍ ഉപരോധം അവസാനിക്കുമെന്ന അഭ്യൂഹങ്ങള്‍ കുറച്ചുകാലമായി ഉയര്‍ന്നുവരുന്നുണ്ട്. ജി.സി.സി പ്രതിസന്ധിക്ക് സമീപ ആഴ്ചകളില്‍ സാധ്യമായ പരിഹാരം കാണാമെന്ന് സൗദി അറേബ്യ സൂചനയും നല്‍കിയിരുന്നു.

ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കാന്‍ തങ്ങളുടെ രാജ്യം വഴികള്‍ തേടുകയാണെന്ന് കഴിഞ്ഞയാഴ്ച സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് പറഞ്ഞിരുന്നു. ഇത് രണ്ടാം തവണയാണ് ഫര്‍ഹാന്‍ ഇത്തരമൊരു പ്രസ്താവന നടത്തുന്നത്. കഴിഞ്ഞ ഒക്ടോബറിലും സമാനമായ പ്രസ്താവന നടത്തിയിരുന്നു.

SHARE :
folder_openTags
content_copyCategory