Saturday, July 31, 2021
Home Gulf കോവിഡ് ഭയത്തെ അതിജീവിച്ച് സൗദിയും ആഗസ്റ്റ് 30ന് സ്‌കൂളിലേക്ക്

കോവിഡ് ഭയത്തെ അതിജീവിച്ച് സൗദിയും ആഗസ്റ്റ് 30ന് സ്‌കൂളിലേക്ക്

ജിദ്ദ: കോവിഡ് രോഗബാധ സൃഷ്ടിച്ച വലിയ പ്രതിസന്ധിക്കും ആശങ്കള്‍ക്കും ശേഷം ഘട്ടം ഘട്ടമായി സാധാരണ നിലയിലേക്ക് മടങ്ങാന്‍ ഒരുങ്ങി സൗദി അറേബ്യ. ദീര്‍ഘകാലത്തെ അടച്ചിടലിന് ശേഷം സ്‌കൂളുകള്‍ തുറക്കാന്‍ ഒരുങ്ങുകയാണ് സൗദി അധികൃതര്‍. ആഗസ്റ്റ് 30 മുതല്‍ രാജ്യത്തെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിലുള്ള നീക്കങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിന് മുന്നോടിയായി രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡയറക്ടര്‍മാരുമായി വിദ്യാഭ്യാസമന്ത്രി ഡോ. ഹമീദ് ബിന്‍ മുഹമ്മദ് അല്‍-അഷെയ്ഖ് കൂടിക്കാഴ്ച നടത്തി. ഓണ്‍ലൈന്‍ വഴിയായിരുന്നു കൂടിക്കാഴ്ച. സാനിറ്റൈസര്‍ ഉള്‍പ്പെടെ ലഭ്യമാക്കുകയും ശുചിത്വം പൂര്‍ണതോതില്‍ ഉറപ്പാക്കിയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരുങ്ങണമെന്ന് മന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു. പുസ്തകങ്ങള്‍ ഉള്‍പ്പെടെ പഠന സൗകര്യങ്ങള്‍ ഒരുക്കണം. പുതിയ സാഹചര്യത്തില്‍ വിദൂര വിദ്യാഭ്യാസ പരിപാടികളില്‍ പരമാവധി ഉപയോഗപ്പെടുത്തി അധ്യാപകര്‍ക്ക് പരിശീലനം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായി അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രതിരോധ നടപടികള്‍ തുടര്‍ച്ചയായി നിരീക്ഷിക്കണം. ആവശ്യമെങ്കില്‍ ഇതിനും ഉചിതമായ പരിശീലനം നല്‍കണമെന്നും ഡോ. ഹമീദ് ബിന്‍ മുഹമ്മദ് പറഞ്ഞു. കോവിഡ് മഹാമാരി വ്യാപിച്ചതിന് പിന്നാലെ മാര്‍ച്ച് ഒമ്പതിനാണ് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചത്. വിദൂര പഠന സംവിധാനങ്ങള്‍ അവതരിപ്പിച്ചു കൊണ്ടായിരുന്നു പിന്നീട് പഠനം പുരോഗമിച്ചത്.

അതേസമയം, സൗദിയില്‍ നിലവില്‍ വൈറസ് ബാധ റിപ്പോര്‍ട്ടുകള്‍ തുടര്‍ച്ചയായി കുറയുന്നുണ്ടെങ്കിലും മിക്ക രക്ഷിതാക്കളും ഓണ്‍ലൈന്‍ വഴിയുള്ള ക്ലാസ് തുടരാന്‍ തന്നെയാണ് താല്‍പര്യം പ്രകടിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

Most Popular