News Flash
X
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; മലയാളികളും വിസിറ്റിങ് വിസയില്‍ സൗദിയിലെത്തിത്തുടങ്ങി

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; മലയാളികളും വിസിറ്റിങ് വിസയില്‍ സൗദിയിലെത്തിത്തുടങ്ങി

personTF access_timeMonday October 26, 2020
HIGHLIGHTS
കോവിഡ് ആശങ്കകള്‍ക്ക് താല്‍ക്കാലിക അയവുവന്നതോടെ പ്രവാസി കുടംബങ്ങള്‍ വിസിറ്റിങ് വിസയില്‍ സൗദിയേക്ക് എത്തി തുടങ്ങി.

റിയാദ് : കോവിഡ് ആശങ്കകള്‍ക്ക് താല്‍ക്കാലിക അയവുവന്നതോടെ പ്രവാസി കുടംബങ്ങള്‍ വിസിറ്റിങ് വിസയില്‍ സൗദിയേക്ക് എത്തി തുടങ്ങി. റിയാദില്‍ ജോലി ചെയ്യുന്ന മലപ്പുറം വള്ളിക്കുന്ന് സ്വദേശി മുജീബുറഹ്‌മാന്റെ കുടുംബമാണ് വിസിറ്റിങ് വിസയില്‍ കഴിഞ്ഞ ദിവസം റിയാദിലെത്തിയത്. ദുബൈയിലെത്തി അവിടെ 14 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞ ശേഷമായിരുന്നു റിയാദിലേക്കുള്ള ഇവരുടെ യാത്ര.

മൂന്ന് മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ഒരു വര്‍ഷ കാലാവധിയുള്ള വിസിറ്റ് വിസ മാര്‍ച്ച് അഞ്ചിനാണ് സ്റ്റാമ്പ് ചെയ്തത്. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് യാത്രാവിലക്കുണ്ടായതിനാല്‍ ഇവര്‍ക്ക് സൗദിയിലെത്താന്‍ കഴിഞ്ഞില്ല. സെപ്റ്റംബര്‍ 15 മുതല്‍ യാത്രാവിലക്ക് ഭാഗികമായി നീക്കിയതോടെ സൗദിയിലേക്ക് യാത്ര ചെയ്യാനാവുമെന്ന പ്രതീക്ഷ ഉണര്‍ന്നിരുന്നു. എന്നാല്‍ വിസിറ്റിങ് വിസയിലുള്ളവര്‍ക്ക് വരാന്‍ പറ്റുമോ എന്ന് വ്യക്തമല്ലായിരുന്നു. വിസയുള്ളവര്‍ക്ക് ദുബൈയിലെത്തി അവിടെ ക്വാറന്റീനില്‍ കഴിഞ്ഞ ശേഷം സൗദിയിലേക്ക് വരാമെന്ന് വാര്‍ത്തയില്‍ നിന്ന് അറിഞ്ഞതോടെ അതൊന്ന് പരീക്ഷിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു മുജീബ്‌റഹ്‌മാന്‍.

ഇതിനായി അദ്ദേഹം ആദ്യം ദുബൈയിലേക്ക് പോയി. അവിടെ നിന്നുള്ള വിസിറ്റിങ് വിസ കൂടി നേടി കുടുംബത്തിന് അയച്ചുകൊടുത്ത് അവരെയും അവിടെ എത്തിച്ചു. ദുബൈയില്‍ ഒരു ഹോട്ടലില്‍ മുറിയെടുത്ത് കുടുംബ സഹിതം 14 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞു. ഒടുവില്‍ എല്ലാവരും കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് റിസള്‍ട്ടുമായി റിയാദിലേക്ക് പോവുകയായിരുന്നു.

റിയാദ് വിമാനത്താവളത്തില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. പാസ്പോര്‍ട്ടുകള്‍ എമിഗ്രേഷന്‍ വിഭാഗം പരിശോധിച്ച് ദുബൈയില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞെന്നും വേറെ രാജ്യങ്ങളിലേക്കൊന്നും ഈ കാലയളവിനിടയില്‍ യാത്ര ചെയ്തിട്ടില്ലെന്നും ഉറപ്പുവരുത്തി. എന്തായാലും വിസിറ്റിങ് വിസയിലും സൗദിയിലേക്ക് വരാമെന്ന് വ്യക്തമായതോടെ പ്രവാസികള്‍ ഏറെ ആശ്വാസത്തിലാണ്.

SHARE :
folder_openTags
content_copyCategory