Friday, April 23, 2021
Home Gulf പ്രവാസി അധ്യാപകർക്ക് 21,000 സൗജന്യ യാത്രാ ടിക്കറ്റുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്

പ്രവാസി അധ്യാപകർക്ക് 21,000 സൗജന്യ യാത്രാ ടിക്കറ്റുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്

ദോഹ: ലോക അധ്യാപക ദിനത്തോട് അനുബന്ധിച്ച് അധ്യാപകർക്ക് 21,000 സൗജന്യ യാത്രാ ടിക്കറ്റുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്. കോവിഡ്-19 സാഹചര്യത്തിലും യുവജനങ്ങൾക്ക് അറിവ് പകരുന്നതിൽ നിസ്തുല സേവനം കാഴ്ചവെച്ച അധ്യാപകരോടുള്ള ആദര സൂചകമായാണിത്. 75 രാജ്യങ്ങളിലെ അധ്യാപകർക്ക് ഒരു ഇക്കോണമി റിട്ടേൺ ടിക്കറ്റാണ് ലഭിക്കുക. ടിക്കറ്റ് ബുക്കിംഗിനുള്ള രജിസ്ട്രേഷനായി ഇന്ന് പ്രാദേശിക സമയം പുലർച്ചെ 4.00 മുതൽ ഒക്ടോബർ എട്ടിന് പുലർച്ചെ 3.59 വരെ അപേക്ഷിക്കാം.

ഖത്തർ എയർവേയ്സിന്റെ https://www.qatarairways.com/en-qa/offers/thank-you-teachers.html എന്ന ലിങ്കിൽ പ്രവേശിച്ച് വിജയകരമായി രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രമോഷൻ കോഡ് ലഭിയ്ക്കും. ലിങ്കിൽ വ്യവസ്ഥകളും നിബന്ധനകളും വ്യക്തമാക്കിയിട്ടുണ്ട്. പ്രമോഷൻ കോഡ് ഉപയോഗിച്ച് ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് 2021 സെപ്റ്റംബർ 30 വരെയാണ് യാത്രാ കാലാവധി. ആദ്യം റജിസ്റ്റർ ചെയ്യുന്നവർക്കാണ് മുൻഗണന. നേരത്തേ ഒരു ലക്ഷം മുൻനിര ആരോഗ്യ പ്രവർത്തകർക്കും ഖത്തർ എയർവേയ്‌സ് സൗജന്യ ടിക്കറ്റ് നൽകിയിരുന്നു.

ഓരോ രാജ്യത്തിനും ദിവസേന നിശ്ചിത എണ്ണം ടിക്കറ്റുകളാണ് അനുവദിക്കുക. മൂന്ന് ദിവസവും ദോഹ സമയം പുലർച്ചെ നാലിന് രാജ്യങ്ങൾക്ക് അനുവദിച്ചിരിക്കുന്ന ടിക്കറ്റുകളുടെ എണ്ണം പ്രസിദ്ധപ്പെടുത്തും. ഖത്തർ എയർവേയ്സിന്റെ സർവീസുള്ള ഏത് നഗരങ്ങളിലേയ്ക്കും ടിക്കറ്റ് എടുക്കാം. ഒരു ഇക്കോണമി റിട്ടേൺ ടിക്കറ്റ് കൂടാതെ ഭാവിയിൽ ഒരു റിട്ടേൺ ടിക്കറ്റിന് 50 ശതമാനം ഓഫർ മൂല്യമുള്ള വൗച്ചറും ലഭിയ്ക്കും. അപേക്ഷകന് സ്വന്തമായോ അല്ലെങ്കിൽ കുടുംബാംഗത്തിനോ സുഹൃത്തിനോ ഈ വൗച്ചർ ഉപയോഗിയ്ക്കാം. രണ്ട് ടിക്കറ്റുകളിലും യാത്ര 2021 സെപ്റ്റംബർ 30ന് മുമ്പായിരിക്കണം.

യാത്ര ചെയ്യുമ്പോൾ വിമാനത്താവളത്തിലെ ചെക്ക് ഇൻ കൗണ്ടറിൽ അധ്യാപകർ ആണെന്നതിന്റെ തിരിച്ചറിയൽ രേഖ ഹാജരാക്കണം. ടിക്കറ്റ് മാത്രമാണ് സൗജന്യം. വിമാനത്താവളത്തിലെ നികുതി യാത്രക്കാരൻ നൽകണം. അധ്യാപകർക്ക് 2020 ഡിസംബർ 31ന് മുമ്പായി എടുക്കുന്ന ടിക്കറ്റുകളിൽ മാറ്റം വരുത്താൻ കഴിയും. മാത്രമല്ല ടിക്കറ്റ് കാലാവധി രണ്ട് വർഷവും ലഭിക്കും.

നിശ്ചിത വിഭാഗം അധ്യാപകർക്കാണ് സൗജന്യ ടിക്കറ്റ് നൽകുന്നത്. ക്ലാസ് റൂം പാരാപ്രൊഫഷനൽസ്, അധ്യാപക അസിസ്റ്റന്റുമാരും പകരക്കാരും, ഇന്റർവെൻഷൻ-ഇൻക്ലൂഷൻ സ്പെഷ്യലിസ്റ്റ്, ട്യൂട്ടർമാർ, സീനിയർ ലീഡേഴ്സ്, ഏർലി ചൈൽഡ്ഹുഡ് അധ്യാപകർ, സ്റ്റുഡന്റ് കൗൺസിലർമാർ, പ്രൈമറി, സെക്കൻഡറി, കാഷ്യൽ അധ്യാപകർ, ഇഎസ്എൽ (ഇംഗ്ലീഷ് രണ്ടാം ഭാഷ) അധ്യാപകർ, സ്പെഷ്യൽ എജ്യൂക്കേഷൻ അധ്യാപകർ, അധ്യാപക സഹായികൾ, വൊക്കേഷണൽ എജ്യൂക്കേഷൻ ആൻഡ് ട്രെയിനിങ് ഇൻസ്ട്രക്ടർ, പ്രീ-സ്‌കൂൾ-ഏർലി ഇയേഴ്സ് പ്രാക്ടീഷണേഴ്സ്, ക്ലാസ് റൂം ടെക്നീഷ്യൻസ് എന്നിവർക്കാണ് സൗജന്യ യാത്രാ ടിക്കറ്റിന് യോഗ്യത.

Most Popular