Saturday, July 24, 2021
Home Gulf ഇന്ന് പോകേണ്ടിയിരുന്ന ഖത്തർ എയർവേയ്‌സിന്റെ കൊച്ചി, കോഴിക്കോട് വിമാനങ്ങൾ റദ്ദാക്കി

ഇന്ന് പോകേണ്ടിയിരുന്ന ഖത്തർ എയർവേയ്‌സിന്റെ കൊച്ചി, കോഴിക്കോട് വിമാനങ്ങൾ റദ്ദാക്കി

ദോഹ: ഇന്ന് കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നും ദോഹയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഖത്തർ എയർവേയ്‌സിന്റെ വിമാനങ്ങൾ റദ്ദാക്കിയതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. ഇന്ന് മുതൽ ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കുള്ള വിമാനസർവീസുകൾ ആരംഭിക്കുമെന്ന് നേരത്തേ പറഞ്ഞിരുന്നതിന്റെ അടിസ്ഥാനത്തിൽ വിവിധ വിമാനക്കമ്പനികൾ ഇന്നലെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നു.

സാങ്കേതിക കാരണങ്ങളാൽ യാത്ര റദ്ദാക്കുന്നുവെന്ന അറിയിപ്പാണ് ഉപഭോക്താക്കൾക്ക് ലഭിച്ചത്. എന്നാൽ, ഖത്തർ പോർട്ടറിലൂടെ യാത്രാനുമതി ലഭിച്ച പലർക്കും ക്വാറന്റൈൻ താമസത്തിനായി ഹോട്ടൽ ബുക്കിംഗ് ലഭിക്കാത്തതിനാൽ ആവശ്യത്തിന് യാത്രക്കാരില്ലാത്തതാണ് സർവീസ് റദ്ദാക്കാൻ കാരണമെന്ന് സൂചനയുണ്ട്. ഇന്നത്തേക്ക് ബുക്ക് ചെയ്തിരുന്നവരുടെ ടിക്കറ്റ് നാളത്തേക്ക് മാറ്റി നൽകിയിട്ടുണ്ട്.

അടുത്ത ഏതാനും ദിവസങ്ങളിലേക്ക് ഖത്തറിലെ താരതമ്യേന ചെലവ് കുറഞ്ഞ ഹോട്ടലുകളിൽ മുറികൾ ഒഴിവില്ല. 25ന് ശേഷമേ ക്വാറന്റൈൻ സൗകര്യമുള്ള ഹോട്ടൽ ലഭ്യമായി തുടങ്ങൂ. ഏഴ് ദിവസത്തേക്ക് 3000 ഖത്തർ റിയാലാണ് ഇതിന് ചെലവ് വരിക.

രാജ്യത്ത് തിരിച്ചെത്തിയാൽ ക്വാറന്റൈൻ സൗകര്യം ലഭിക്കുന്നവർക്ക് മാത്രമേ ഖത്തർ പോർട്ടൽ വഴി അനുമതി നൽകുന്നുള്ളൂവെന്നാണ് വിവരം. ഇന്ന് രാവിലെ കൊച്ചിയിൽ നിന്ന് ദോഹയിലെത്തേണ്ട ഇൻഡിഗോ വിമാനം നാല് മണിക്കൂർ വൈകുമെന്നും സൂചനയുണ്ട്.

Most Popular