Wednesday, June 16, 2021
Home Gulf ഖത്തറിലെ അല്‍ റയ്യാന്‍ ബാങ്കും അല്‍ ഖലീജി കൊമേഴ്‌സ്യല്‍ ബാങ്കും ലയന കരാറിലെത്തിയതായി റിപ്പോര്‍ട്ട്

ഖത്തറിലെ അല്‍ റയ്യാന്‍ ബാങ്കും അല്‍ ഖലീജി കൊമേഴ്‌സ്യല്‍ ബാങ്കും ലയന കരാറിലെത്തിയതായി റിപ്പോര്‍ട്ട്

ദോഹ: ഖത്തറിലെ മസ്റഫ് അല്‍ റയ്യാന്‍ ബാങ്കും അല്‍ ഖലീജി കമേഴ്സ്യല്‍ ബാങ്കും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള ലയന കരാറില്‍ എത്തിയതായി റിപ്പോര്‍ട്ട്. മേഖലയിലെ മുന്‍നിര ശരീഅത്ത് അടിസ്ഥാന ബാങ്കായി മാറുകയാണ് ലയനത്തിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്ത് സാമ്പത്തിക വളര്‍ച്ച നേടുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ബാങ്കുകളുടെ ലയനമെന്ന് അല്‍ റയ്യാന്‍ ബാങ്ക് ചെയര്‍മാന്‍ അലി ബിന്‍ അഹ്‌മദ് അല്‍ കുവാരി പറഞ്ഞു. ഖത്തരി ബാങ്കിങ് സംവിധാനത്തെ കൂടുതല്‍ ചടുലമാക്കുകയെന്ന തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.

ലയനത്തിലൂടെ 172 ബില്യന്‍ റിയാലിന്റെ (47 ബില്യന്‍ ഡോളര്‍) വന്‍ ആസ്തിയുള്ള ഖത്തറിലെയും പശ്ചിമേഷ്യയിലെയും ഏറ്റവും വലിയ ഇസ്ലാമിക ബാങ്ക് എന്ന പദവി സ്ഥാപനം കൈവരിക്കും. ലയനം പൂര്‍ത്തിയാകുന്നതോടെ അല്‍ ഖലീജിയുടെ വ്യാപാര വ്യവഹാരങ്ങളെല്ലാം അല്‍ റയ്യാനിലേക്ക് മാറുകയും അല്‍ റയ്യാന്‍ എന്ന സ്ഥാപനമായി നിലനില്‍ക്കുകയും ചെയ്യും. ഇസ്ലാമിക ശരീഅത്ത് പ്രകാരമായിരിക്കും ബാങ്ക് തുടര്‍ന്നും പ്രവര്‍ത്തിക്കുക. പുതിയ സ്ഥാപനത്തിന്റെ ചെയര്‍മാനായി അലി ബിന്‍ അഹ്‌മദ് അല്‍ കുവാരിയും വൈസ് ചെയര്‍മാന്‍ ഷെയ്ഖ് ഹമദ് ബിന്‍ ഫൈസല്‍ ബിന്‍ താനി അല്‍ താനിയുമായിരിക്കും.ഇരു ബാങ്കുകളുടെയും ലയനം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ഉണര്‍വിനും പുരോഗതിക്കും വലിയ സംഭാവന ചെയ്യുമെന്ന് ഫൈസല്‍ ബിന്‍ താനി അല്‍താനി പറഞ്ഞു.

Most Popular