ദോഹ : ഈജിപ്തുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ശൈലിയില്‍ അല്‍ ജസീറ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് ചാനല്‍ അധികൃതര്‍. ചാനലിലെ മുതിര്‍ന്ന ജീവനക്കാരിലൊരാള്‍ ദോഹ ന്യൂസിനോടാണ് ഇക്കാര്യം പറഞ്ഞത്. ഈജിപ്തിലെ ജനങ്ങളെയും അറബ് ലോകത്തെയും ബാധിക്കുന്ന പ്രധാന വിഷയങ്ങളില്‍ വിമര്‍ശനാത്മകമായ റിപ്പോര്‍ട്ടിങ് രീതിയാണ് തങ്ങള്‍ അവലംബിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈജിപ്തുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വാര്‍ത്ത ചാനലായ അല്‍ ജസീറ തങ്ങളുടെ എഡിറ്റോറിയല്‍ നയത്തില്‍ മാറ്റം വരുത്തുമെന്ന് ഖത്തറി ഉദ്യോഗസ്ഥര്‍ അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.അതേസമയം അത്തരത്തിലുള്ള യാതൊരു ഉറപ്പും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് ഒരു ഖത്തറി ഉദ്യോഗസ്ഥന് വിശദീകരിച്ചു. സൗദി അറേബ്യയില്‍ ചേര്‍ന്ന ജിസിസി സമ്മേളനത്തിനിടെ ഒപ്പുവയ്ക്കപ്പെട്ട അല്‍-ഉല കരാറിനെ ആധാരമാക്കി എഴുതി തയ്യാറാക്കിയ ധാരണയനുസരിച്ചാണ് ഈജിപ്തുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ പുനഃസ്ഥാപിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തറിനും കെയ്റോയ്ക്കുമിടയിലെ വിമാന സര്‍വ്വീസ് പുനരാരംഭിക്കുന്നത് ഉള്‍പ്പെടെയുള്ള നയതന്ത്ര വിഷയങ്ങളില്‍ ഈജിപ്ത് അനുകൂലമായ നിലപാട് സ്വീകരിച്ചെങ്കിലും കരാറിന്റെ വിശദാംശങ്ങളെപ്പറ്റി ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ക്കിടയില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനിടെ,അല്‍ ജസീറ ഒരു സ്വതന്ത്ര മാധ്യമ സ്ഥാപനമാണെന്നും അല്‍-ഉല കരാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതിലേക്ക് നയിച്ച യാതൊരു ചര്‍ച്ചകളിലും ധാരണകളിലും അല്‍ ജസീറ ഭാഗമായിട്ടില്ലെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന് അല്‍ താനി പറഞ്ഞു.ഗള്‍ഫ് തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ചകളില്‍ ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍ ചേര്‍ന്ന് അല്‍ ജസീറ അടച്ചുപൂട്ടുക എന്നത് ഉള്‍പ്പെടെ 13 ആവശ്യങ്ങളാണ് മുന്നോട്ടു വച്ചിരുന്നത്. ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്കൊടുവില്‍ ഈ ആവശ്യങ്ങള്‍ പിന്‍വലിക്കാന്‍ ഉപരോധ രാജ്യങ്ങള്‍ തയ്യാറായി എന്ന വാദത്തെ ബലപ്പെടുത്തുന്നതാണ് ഖത്തര്‍ വിദേശകാര്യ മന്ത്രിയുടെയും ചാനല്‍ അധികൃതരുടെയും പ്രസ്താവനകള്‍.