ഖത്തറില്‍ ഗാര്‍ഹിക തൊഴിലാളികളുടെ വേതനത്തില്‍ വന്‍വര്‍ധന

ദോഹ: ഖത്തറില്‍ ഗാര്‍ഹിക ജോലിക്കാരുടെ വേതനത്തില്‍ വന്‍ വര്‍ധനവുണ്ടായെന്ന് റിപ്പോര്‍ട്ട്. കോവിഡ് പ്രതിസന്ധി മൂലം നാട്ടിലേക്ക് മടങ്ങിയ പല ഗദ്ദാമമാരും രാജ്യത്തേക്ക് തിരിച്ചെത്തിയിട്ടില്ല. ഈ സാഹചര്യം മുതലെടുത്ത് ഈ രംഗത്തെ ഇടനിലക്കാര്‍ വലിയ ചൂഷണത്തിനാണ് മുതിര്‍ന്നുകൊണ്ടിരിക്കുന്നത്. ഖത്തര്‍ വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നേരത്തെ തന്നെ ഈ രംഗത്തെ ഇടപാടുകാരെ നിയന്ത്രിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഗാര്‍ഹിക ജോലിക്കാര്‍ക്ക് പുറമെ ഹൗസ് ഡ്രൈവര്‍മാരെ കിട്ടുന്നതിനും വലിയ സാമ്പത്തിക ചിലവുള്ളതായി ബന്ധപ്പെട്ടവര്‍ ചൂണ്ടികാട്ടുന്നുണ്ട്. നിലവില്‍ താത്കാലിക ഗദ്ദാമമാര്‍ക്ക് 4500 റിയാല്‍ വരെയാണ് പ്രതിമാസ ശമ്പളമായി ആവശ്യപ്പെടുന്നത്. ഖത്തര്‍ സര്‍ക്കാര്‍ വിഷയത്തില്‍ ഉടന്‍ ഇടപെടുകയും രാജ്യത്തേക്ക് ഗാര്‍ഹിക തൊഴിലാളികളെ എത്തിക്കുന്ന ഏഷ്യന്‍ രാഷ്ട്രങ്ങളുമായി പുതുക്കിയ കരാറുകളില്‍ ഏര്‍പ്പെടുകയും വേണമെന്നും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു