മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് ഖത്തര്‍

ദോഹ: മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് ഖത്തര്‍. ഇന്റര്‍നെറ്റ് സ്പീഡ് ടെസ്റ്റിങ് ഏജന്‍സിയായ ഊക്ളയുടെ ഡിസംബര്‍ മാസത്തെ സ്പീഡ് ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡക്സ് പ്രകാരമാണ് ഖത്തര്‍ മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ലോകത്ത് ഒന്നാമതെത്തിയത്.

ഡിസംബറിലെ ഖത്തറിന്റെ ശരാശരി മൊബൈല്‍ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡ് വേഗത 178.01 എം.ബി.പി.എസും അപ്ലോഡ് വേഗത 29.74 എം.ബി.പി.എസും ആണ്. ഫിക്‌സഡ് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റില്‍ രാജ്യത്തെ ഡൗണ്‍ലോഡ് വേഗത 97.99 എം.ബി.പി.എസും അപ്ലോഡ് വേഗത 51.27 എം.ബി.പി.എസും ആണ്.

ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് ഉപഭോഗ രാജ്യങ്ങളിലൊന്നായ ഖത്തര്‍ സ്പീഡ് ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡക്‌സില്‍ രണ്ട് സ്ഥാനം മുന്നോട്ട് കയറിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. നവംബറിലെ ആഗോള റാങ്കിങ്ങില്‍ ഖത്തര്‍ മൂന്നാം സ്ഥാനത്ത് ആയിരുന്നു.

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയുടെ ആഗോള ശരാശരിയെക്കാള്‍ മൂന്നിരട്ടിയിലേറെയാണ് ഖത്തറിലെ മൊബൈല്‍ ഇന്റര്‍നെറ്റ് വേഗത. ഊക്‌ളയുടെ കണക്ക് പ്രകാരം ഡിസംബറിലെ ആഗോളതലത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റിന്റെ ശരാശരി ഡൗണ്‍ലോഡ് വേഗത 47.20 എം.ബി.പി.എസും ശരാശരി അപ്ലോഡ് വേഗത 12.67 എം.ബി.പി.എസും ആണ്.

യു.എ.ഇയാണ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് ദക്ഷിണ കൊറിയയും. നാലാം സ്ഥാനത്ത് ചൈനയാണ്. അഞ്ചാം സ്ഥാനത്ത് ഓസ്‌ട്രേലിയയും ആറാം സ്ഥാനത്ത് കുവൈത്തുമാണ്. ഏഴാം സ്ഥാനത്താണ് സൗദി അറേബ്യ. ബഹ്റൈന്‍ 17-ാം സ്ഥാനത്തുമാണ് ഉള്ളത്. അമേരിക്കയാകട്ടെ പട്ടികയില്‍ 20-ാം സ്ഥാനത്താണ്. ഊക്‌ളയുടെ മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതാ പട്ടികയില്‍ 129-ാം സ്ഥാനത്താണ് ഇന്ത്യ.

ലോകമെമ്പാടുമുള്ള ഇന്റര്‍നെറ്റ് സ്പീഡ് ടെസ്റ്റ് ഡാറ്റ പ്രതിമാസ അടിസ്ഥാനത്തില്‍ താരതമ്യം ചെയ്താണ് ഊക്‌ള സ്പീഡ് ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡക്‌സ് പുറത്തിറക്കുന്നത്. ഓരോ മാസവും ദശലക്ഷക്കണക്കിന് ആളുകള്‍ നടത്തുന്ന സ്പീഡ് ടെസ്റ്റുകളില്‍ നിന്നാണ് ഇതിനാവശ്യമായ ഡാറ്റ ലഭിക്കുന്നതെന്ന് വാഷിങ്ടണിലെ സിയാറ്റില്‍ ആസ്ഥാനമായുള്ള ഊക്‌ള പറയുന്നു.

അഞ്ചാം തലമുറ ഇന്റര്‍നെറ്റ് സേവനം (5G) നല്‍കുന്ന ആദ്യ രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. 5ജി സാങ്കേതികവിദ്യയില്‍ വലിയ നിക്ഷേപമാണ് രാജ്യം നടത്തിയത്.