ദോഹ: കോവിഡ് പരിശോധനയില്‍ ഖത്തര്‍ റെക്കോഡ് നേട്ടം കൈവരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ പത്തുലക്ഷത്തിലധികം പരിശോധനകള്‍ രാജ്യം പൂര്‍ത്തിയാക്കി. ഇത് ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയില്‍ റെക്കോര്‍ഡ് നേട്ടമാണ്.
കൊവിഡ് വൈറസ് രാജ്യത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മുതലുള്ള കണക്കുകളാണ് അധികൃതര്‍ പുറത്തു വിട്ടിരിക്കുന്നത്. രോഗ പരിശോധനയിലും രോഗ നിര്‍ണയത്തിലും ഖത്തര്‍ തുടക്കം മുതല്‍ മികച്ചു നിന്നു. ലോകത്തെ തന്നെ ഏറ്റവും കുറവ് കൊവിഡ് വൈറസ് മരണ നിരക്കുള്ള രാഷ്ട്രമായി ഖത്തര്‍ മാറിയത് രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറില്‍ മാത്രം രാജ്യത്ത് 12064 കൊവിഡ് പരിശോധനകള്‍ നടന്നിട്ടുണ്ട്. വൈറസ് നേരത്തെ തന്നെ കണ്ടെത്തിയാല്‍ രോഗ ചികിത്സ നടപടികള്‍ ഊര്‍ജിതമാക്കാന്‍ കഴിയുമെന്നാണ് ആരോഗ്യ മന്ത്രാലയം പിന്തുടരുന്ന പോളിസിയെന്നും അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.