Saturday, July 24, 2021
Home Gulf ഖത്തറിൽ കൊവിഡ്-19 വാക്സിൻ വേഗത്തിൽ ലഭ്യമാക്കാൻ വിപുലമായ ചർച്ച; ഒരു കമ്പനിയുമായി കരാറൊപ്പിട്ടു

ഖത്തറിൽ കൊവിഡ്-19 വാക്സിൻ വേഗത്തിൽ ലഭ്യമാക്കാൻ വിപുലമായ ചർച്ച; ഒരു കമ്പനിയുമായി കരാറൊപ്പിട്ടു

ദോഹ: കോവിഡ്-19 വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് ഖത്തറിൽ എത്തിക്കാൻ വിപുലമായ ചർച്ചകൾ നടത്തുന്നുണ്ടെന്ന് ദേശീയ ആരോഗ്യ തന്ത്ര ഗ്രൂപ്പിന്റെ ചെയർമാനും ഹമദ് മെഡിക്കൽ കോർപറേഷനിലെ പകർച്ചവ്യാധി വിഭാഗം തലവനുമായ ഡോ. അബ്ദുല്ലത്തിഫ് അൽ ഖാൽ.
വാക്സിൻ ലഭ്യമാക്കാൻ പൊതു ആരോഗ്യ മന്ത്രാലയം നിരവധി അന്താരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി വിപുലമായ ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഖത്തറിന്റെ സമഗ്രമായ തന്ത്രം വളരെ ഫലപ്രദമാണ്. ഇത് പകർച്ചവ്യാധിയെ നിയന്ത്രിക്കുന്നതിനും ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്കുകളിലൊന്നായതിനും കാരണമായി. വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിൽ വിജയിച്ചെങ്കിലും ലോകത്തെ മറ്റ് രാജ്യങ്ങളെപ്പോലെ ഖത്തറും കോവിഡിനൊപ്പം കുറച്ച് കാലം കൂടെ ജീവിക്കുമെന്ന് വ്യക്തമാണെന്നും ഡോ. അൽ ഖാൽ പറഞ്ഞു.

മാസ്‌ക് ധരിക്കൽ, സുരക്ഷിതമായ സാമൂഹിക അകലം പാലിക്കൽ, ഒത്തുചേരലുകൾക്ക് പരിമിതികൾ പോലുള്ള പ്രതിരോധ നടപടികൾ രാജ്യത്ത് നിലവിലുണ്ട്, പക്ഷേ ഫലപ്രദമായ വാക്സിൻ ഉള്ളപ്പോൾ മാത്രമേ നമ്മുക്ക് പൂർണമായും സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാക്സിനേഷൻ ആവശ്യമുള്ള എല്ലാവർക്കും വേണ്ടി മതിയായ അളവിൽ വാക്‌സിനുകൾ ശേഖരിക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി പ്രമുഖ അന്താരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി പൊതുജനാരോഗ്യ മന്ത്രാലയം വിപുലമായ ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം വിശദീകരിച്ചു.

സാർസ്-കോവ്-2 (SARS-CoV-2) നെതിരെയുള്ള ബി.എൻ.ടി 162 എം.ആർ.എൻ.എ (BNT162 mRNA) അടിസ്ഥാനമാക്കിയുള്ള കാൻഡിഡേറ്റ് വാക്സിൻ ഖത്തറിന് ലഭ്യമാക്കുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയം ഇതിനകം എഫ്ഫൈസർ, ബയോ എൻടെക്ക് എന്നീ കമ്പനികളുമായി കരാർ ഒപ്പിട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

വാക്സിൻ ഇപ്പോഴും ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും ആവശ്യമായ എല്ലാ റെഗുലേറ്ററി അംഗീകാരങ്ങളും ലഭിച്ചു കഴിഞ്ഞാൽ മാത്രമേ വാക്സിൻ വിതരണം ചെയ്യുകയുള്ളൂ എന്നും അദ്ദേഹം അറിയിച്ചു. ഈ വർഷത്തിന്റെ അവസാനത്തിലോ അടുത്ത വർഷമോ വാക്സിൻ ലഭ്യമാകും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Most Popular