ഖത്തറിന്റെ മധ്യസ്ഥത ഫലം കാണുന്നു; അഫ്ഗാനിലെ വെടിനിര്‍ത്തല്‍ പരിഗണിക്കാന്‍ ധാരണ

ദോഹ: അഫ്ഗാന്‍ സര്‍ക്കാറും, താലിബാനും തമ്മില്‍ ഖത്തറിന്റെ മധ്യസ്ഥതയില്‍ മാസങ്ങളായി തുടരുന്ന ചര്‍ച്ചകളില്‍ ഇരുവിഭാഗവും ആദ്യഘട്ട ധാരണയിലെത്തിയതായി സൂചന. ഇതോടുകൂടി നിര്‍ണായക വഴിത്തിരിവാണ് ചര്‍ച്ചയില്‍ സംഭവിച്ചിരിക്കുന്നത്.

വെടിനിര്‍ത്തല്‍ അടക്കമുള്ള പ്രധാനവിഷയങ്ങളില്‍ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥരെ അനുവദിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് ധാരണയിലുള്ളത്. ഇതുവരെയുള്ള ചര്‍ച്ചകളില്‍ വെടിനിര്‍ത്തല്‍ വന്നിട്ടുണ്ടായിരുന്നില്ല.19 വര്‍ഷമായി അഫ്ഗാനില്‍ തുടരുന്ന യുദ്ധം അവസാനിപ്പിച്ച് സമാധനം പുന:സ്ഥാപിക്കുക എന്നതാണ് ദോഹ ചര്‍ച്ചകളുടെ ലക്ഷ്യം. വെടിനിര്‍ത്തല്‍ അടക്കമുള്ള അജണ്ടകള്‍ തയാറായെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ നടക്കുമെന്നും അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധി നാദിര്‍ നദേരി ‘റോയിട്ടേഴ്സി’നോട് പറഞ്ഞു.

താലിബാന്‍ വക്താവും ട്വിറ്ററില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവിഭാഗവും മൂന്നുപേജ് വരുന്ന കരാറിന് സമ്മതിച്ചതായും രാഷ്ട്രീയകാര്യങ്ങളിലൂന്നിയുള്ള കൂടിയാലോചനകളും വെടിനിര്‍ത്തലും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അഫ്ഗാന്‍ അനുരഞ്ജനത്തിനുള്ള യു.എസ് പ്രതിനിധി സല്‍മേയ് ഖലില്‍സാദും പറഞ്ഞു.