Sunday, July 25, 2021
Home Gulf ഫലസ്തീൻ സംഘർഷം പരിഹരിക്കുന്നത് വരെ ഇസ്രായേലുമായി ബന്ധമില്ലെന്ന് ഖത്തർ

ഫലസ്തീൻ സംഘർഷം പരിഹരിക്കുന്നത് വരെ ഇസ്രായേലുമായി ബന്ധമില്ലെന്ന് ഖത്തർ

ദോഹ: ഫലസ്തീനുമായുള്ള സംഘർഷം അവസാനിപ്പിക്കുന്നതുവരെ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാൻ ഒരുക്കമല്ലെന്ന് ഖത്തർ വിദേശകാര്യ സഹമന്ത്രി ലുൽവ അൽ ഖാതിർ വ്യക്തമാക്കി.

ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിലൂടെ സംഘർഷം അവസാനിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ല. സംഘർഷങ്ങളുടെ യഥാർഥ കാരണം ഇതല്ലെന്നും അധിനിവേശത്തിന് കീഴിൽ ജീവിക്കേണ്ടിവരുന്ന ഫലസ്തീൻ ജനതയെ കൂടുതൽ ദുരിതാവസ്ഥയിലേക്ക് തള്ളിവിട്ട് ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനോട് ഖത്തറിന് യോജിപ്പില്ലെന്നും അൽ ഖാതിർ പറഞ്ഞു.

അതേസമയം, പ്രതിരോധ-വാണിജ്യ മേഖലകളിൽ ഇസ്രായേലുമായി ശക്തമായ ബന്ധമാണ് അറബ് രാജ്യങ്ങളാഗ്രഹിക്കുന്നതെന്ന് സംയുക്ത പ്രസ്താവനയിൽ യുഎഇ- ബഹ്റൈൻ വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.

അമേരിക്കയുടെ അധ്യക്ഷതയിലാണ് ഇസ്രായേൽ- യുഎഇ- ബഹ്റൈൻ പ്രതിനിധികൾ കരാറിൽ ഒപ്പിടുന്നത്. ബഹ്റൈന്റെ അമേരിക്കയിലെ സ്ഥാനപതി അബ്ദുൾ ലത്തീഫ് റഷീദ് അൽ സയാനിയും യുഎഇ വിദേശകാര്യമന്ത്രി അബ്ദുല്ല ബിൻ സയ്യദ് അൽനഹ്യാനും കഴിഞ്ഞ ദിവസം തന്നെ വാഷിംഗ്ടണിൽ എത്തിയിരുന്നു.

കൂടാതെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്ഷണപ്രകാരം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഭാര്യ സാഹയും യുഎഇയിലെ ഉന്നതതല പ്രതിനിധി സംഘവും വാഷിംഗ്ടണിൽ എത്തിയിട്ടുണ്ട്.

Most Popular