ഇറാനുമായി ചര്‍ച്ചകള്‍ തുടങ്ങണമെന്ന് ഗള്‍ഫ് രാജ്യങ്ങളോട് ഖത്തര്‍

Minister of Foreign Affairs Sheikh Mohammed bin Abdulrahman al-Thani

ദോഹ: ഇറാനുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ ആരംഭിക്കണമെന്ന് ഗള്‍ഫ് രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ച് ഖത്തര്‍. ഇതാണ് ചര്‍ച്ചകള്‍ക്കുള്ള ശരിയായ സമയമെന്നും ചര്‍ച്ചകള്‍ക്ക് ഖത്തര്‍ മധ്യസ്ഥത വഹിക്കാമെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍താനി പറഞ്ഞു. ബ്ലൂംബര്‍ഗ് ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇറാനുമായുള്ള ഗള്‍ഫ് രാജ്യങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അത് സാധ്യമാവുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജി.സി.സിയിലെ മറ്റ് രാജ്യങ്ങള്‍ കൂടി പങ്കിടുന്ന ആഗ്രഹമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ ആറ് രാജ്യങ്ങളും ഇറാനും ഒന്നിച്ചുള്ള ഉച്ചകോടി നടത്തണമെന്ന് ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന വ്യക്തിയാണ് ഖത്തര്‍ വിദേശകാര്യമന്ത്രി.

ജോ ബെയ്ഡന്‍ അമേരിക്കന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്നതിന് തൊട്ടുമുമ്പായാണ് ഖത്തര്‍ വിദേശകാര്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഇറാനും ലോകശക്തികളും തമ്മിലുണ്ടായിരുന്ന 2015 ലെ ആണവ കരാറിനെ പുരുജ്ജീവിപ്പിക്കുമെന്ന വാഗ്ദാനത്തോടെയാണ് ബെയ്ഡന്‍ വൈറ്റ് ഹൗസിലേക്ക് പ്രവേശിക്കുന്നത്. സൗദിയുടെയും യു.എ.ഇയുടെയും പിന്തുണയോടെ ഇറാനുമേല്‍ പരമാവധി സമ്മര്‍ദ്ദം ചെലുത്തുക എന്ന നയത്തില്‍ നിന്ന് പിന്മാറുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.