News Flash
X
ഖത്തറിലെ വ്യാപാര സാധ്യതകള്‍ പരിചയപ്പെടുത്തി കെബിഎഫ് ബിസിനസ് കോണ്‍ക്ലേവ്

ഖത്തറിലെ വ്യാപാര സാധ്യതകള്‍ പരിചയപ്പെടുത്തി കെബിഎഫ് ബിസിനസ് കോണ്‍ക്ലേവ്

personGulf Malayaly access_timeSunday December 8, 2019
HIGHLIGHTS
സിംഗിള്‍ വിന്‍ഡോ സംവിധാനം ഖത്തറിനെ വ്യാപാര സൗഹൃദ രാജ്യമാക്കുന്നതില്‍ സുപ്രധാന ചുവട് വയ്പ്പാണെന്ന് സിന്‍ഗിള്‍ വിന്‍ഡോ ഡയറക്ടര്‍ നാസര്‍ ഉമൈര്‍ എഫ് എ അല്‍ നുഐമി.

ദോഹ: പതിനെട്ട് സര്‍ക്കാര്‍ ഏജന്‍സികളെ ഒരൊറ്റ കുടക്കീഴില്‍ കൊണ്ടുവരുന്ന സിംഗിള്‍ വിന്‍ഡോ സംവിധാനം ഖത്തറിനെ വ്യാപാര സൗഹൃദ രാജ്യമാക്കുന്നതില്‍ സുപ്രധാന ചുവട് വയ്പ്പാണെന്ന് സിന്‍ഗിള്‍ വിന്‍ഡോ ഡയറക്ടര്‍ നാസര്‍ ഉമൈര്‍ എഫ് എ അല്‍ നുഐമി. ഖത്തറിലും കേരളത്തിലുമുള്ള ബിസിനസ് സാധ്യതകളും സര്‍ക്കാര്‍ നയങ്ങളും പരിചയപ്പെടുത്തുന്നതിന് കേരള ബിസിനസ് ഫോറം സംഘടിപ്പിച്ച രണ്ടു ദിവസത്തെ ബിസിനസ് കോണ്‍ക്ലേവിന്റെ പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിക്ഷേപകര്‍ക്ക് ഓഫിസുകള്‍ കയറിയിറങ്ങാതെ മൂന്ന് ദിവസം കൊണ്ട് ലൈസന്‍സ് സംബന്ധമായ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സിംഗിള്‍ വിന്‍ഡോ സംവിധാനത്തിലൂടെ സാധിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. ഡിജിറ്റല്‍ സിഗ്നേച്ചര്‍ സംവിധാനം സിംഗിള്‍ വിന്‍ഡോയെ കൂടുതല്‍ കാര്യക്ഷമമാക്കി. ജനുവരി 1 മുതല്‍ ബിസിനസ് ആരംഭിക്കാന്‍ ആവശ്യമായ മുഴുവന്‍ കാര്യങ്ങളും ഓണ്‍ലൈനിലേക്ക് മാറുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ബിസിനസ് കോണ്‍ക്ലേവ് സംസ്ഥാന വ്യവസായ മന്ത്രി ഇ പി ജയരാജന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു. കേരളം ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വ്യാപാര സൗഹൃദ സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ഉദാഹരണ സഹിതം വിശദീകരിച്ചു. ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ സംസാരിച്ചു. തുടര്‍ന്ന് പ്രമുഖര്‍ പങ്കെടുത്ത പാനല്‍ ചര്‍ച്ചയില്‍ ഖത്തറിലെ ബിസിനസ് സാധ്യതകളും വ്യാപാര സൗഹൃമാക്കുന്നതിന് ഖത്തര്‍ സ്വീകരിച്ചുവരുന്ന നടപടികളും പ്രമുഖര്‍ വിശദീകരിച്ചു.

മലയാളികളായ വ്യവസായികള്‍ ഖത്തറിന്റെ സാമ്പത്തിക മേഖലയ്ക്ക് നല്‍കുന്ന സംഭാവന വളരെ വലുതാണെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ബിസിനസ് ഡവലപ്മെന്റ് ആന്റ് ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന്‍ ഡയറക്ടര്‍ ഹമദ് അല്‍ അബ്ദാന്‍ പറഞ്ഞു. പൂര്‍ണമായും ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള 24 കമ്പനികള്‍ ഖത്തറിലുണ്ടെന്ന് ഖത്തര്‍ ഫിനാല്‍ഷ്യല്‍ സെന്റര്‍ ബിസിനസ് ഡവലപ്മെന്റ് വൈസ് പ്രസിഡന്റ് ജഹാന്‍ഗീര്‍ ബര്‍ഹോനോവ് വ്യക്തമാക്കി. ഡോ. ആര്‍ സീതാരാമന്‍ ചര്‍ച്ച നിയന്ത്രിച്ചു.

SHARE :
folder_openTags
content_copyCategory