Friday, May 14, 2021
Home Gulf Qatar കത്താറയില്‍ പത്താമത് പായ്ക്കപ്പല്‍ മേളയ്ക്ക് ഇന്നു തുടക്കം

കത്താറയില്‍ പത്താമത് പായ്ക്കപ്പല്‍ മേളയ്ക്ക് ഇന്നു തുടക്കം

ദോഹ: ഖത്തറിലെ കത്താറ സാംസ്‌കാരിക ഗ്രാമത്തില്‍ പത്താമത് പായ്ക്കപ്പല്‍ മേളയ്ക്ക് ഇന്ന് തുടക്കമാവും. ഒരു പതിറ്റാണ്ട് പിന്നിട്ട പായ്ക്കപ്പല്‍ മേളയുടെ കോവിഡ് സാഹചര്യത്തിലുള്ള രൂപവും ഭാവവും എങ്ങിനെയായിരിക്കുമെന്ന ആകാംക്ഷയിലാണ് സന്ദര്‍ശകര്‍. കത്താറ എസ്പ്ലനേഡില്‍ മേളയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും ഇന്നലെ തന്നെ പൂര്‍ത്തീകരിച്ചിരുന്നു.

ഒരു ഡസനിലേറെ വിവിധ വലുപ്പത്തിലും രൂപത്തിലുമുള്ള പരമ്പരാഗത പായ്ക്കപ്പലുകള്‍ ഇന്നലെ തന്നെ എസ്പ്ലനേഡില്‍ ഇടം പിടിച്ചിരുന്നു. സമുദ്രോല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനും പായ്ക്കപ്പല്‍ നിര്‍മാണ പ്രക്രിയ വിവരിക്കുന്നതിനും മറ്റുമുള്ള സ്റ്റാളുകളും തയ്യാറായിട്ടുണ്ട്. ഇന്ന് വൈകീട്ട് 3.30ന് ആണ് അഞ്ച് ദിവസം നീളുന്ന മേള ആരംഭിക്കുന്നത്. പൊതുജനാരോഗ്യ മന്ത്രാലയം നിശ്ചയിച്ച എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് കൊണ്ടായിരിക്കും മേള നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു. ഖത്തറിന് പുറമേ കുവൈത്ത്, ഒമാന്‍, ഇറാഖ്, സാന്‍സിബാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും വിവിധ മല്‍സരങ്ങളില്‍ പങ്കാളികളാവും.

പായ്ക്കപ്പലുകളുടെ വിവിധ മല്‍സരങ്ങള്‍ക്കു പുറമേ പരമ്പരാഗത ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം, വര്‍ക്ക്‌ഷോപ്പുകള്‍, വിവിധ കലാപരിപാടികള്‍ എന്നിവ പായ്ക്കപ്പല്‍ മേളയുടെ ഭാഗമായി നടക്കും.

ഇന്ന് വൈകീട്ട് 3.30 മുതല്‍ രാത്രി 10വരെയാണ് പരിപാടികള്‍. വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 10വരെയുണ്ടാവും. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1 മുതല്‍ രാത്രി 11വരെയാണ് മേളയുടെ സമയം.
10th Katara Traditional Dhow Festival opens today


 

Most Popular