Sunday, September 26, 2021
Home Gulf Qatar 14 പെട്ടി കോവിഡ് വാക്‌സിന്‍ ഖത്തറിലെത്തി; ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ്പ് കാംപയിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

14 പെട്ടി കോവിഡ് വാക്‌സിന്‍ ഖത്തറിലെത്തി; ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ്പ് കാംപയിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ദോഹ: ഫൈസര്‍-ബയോ എന്‍ടെക് കമ്പനിയുടെ 14 പെട്ടി കോവിഡ് വാക്‌സിന്‍ ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഖത്തര്‍ എയര്‍വെയ്‌സ് ബോയിങ് 787 പാസഞ്ചര്‍ വിമാനത്തിലാണ് ബ്രസല്‍സില്‍ നിന്നുള്ള വാക്‌സിന്റെ ആദ്യ ബാച്ച് എത്തിയത്. ആദ്യ ഷിപ്പ്‌മെന്റില്‍ എത്ര ഡോസ് വാക്‌സിന്‍ ഉണ്ടെന്നുള്ള കാര്യം അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

ബുധനാഴ്ച്ച മുതല്‍ ഖത്തറില്‍ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്ന് കോവിഡ് നാഷനല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. പ്രായമായവര്‍ക്കും മാറാവ്യാധികള്‍ ഉള്ളവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് മുന്‍ഗണന.

യൂറോപ്യന്‍ യൂനിയന്‍, ബ്രിട്ടന്‍, അമേരിക്ക, കാനഡ, സ്വിറ്റ്‌സര്‍ലന്റ്, സിംഗപ്പൂര്‍, ഇസ്രായേല്‍, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുള്ള വാക്‌സിനാണ് ഫൈസര്‍-ബയോ എന്‍ടെക് കമ്പനിയുടേത്. ആഗോള തലത്തില്‍ നടത്തിയ പരീക്ഷണത്തില്‍ ഈ വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. മൂന്നാഴ്ച്ച ഇടവിട്ട രണ്ട് ഡോസ് വാക്‌സിനാണു നല്‍കുക. മൈനസ് 70 ഡിഗ്രി സെല്‍ഷ്യസിലാണ് വാക്‌സിന്‍ സൂക്ഷിക്കേണ്ടതെന്നതിനാല്‍ ഇത് കൈകാര്യം ചെയ്യുക വെല്ലുവിളിയാണ്.

അമേരിക്കന്‍ കമ്പനിയായ മൊഡേണ തെറാപ്യൂട്ടിക്‌സിന്റെ വാക്‌സിനും ഖത്തര്‍ ലഭ്യമാക്കും. ഇതിനായി കമ്പനിയുമായി കരാറിലെത്തിയിട്ടുണ്ട്. അധികം വൈകാതെ ഈ വാക്‌സിന്‍ ഖത്തറിലെത്തും. രാജ്യത്തെ 27.5 ലക്ഷം ജനങ്ങളില്‍ 44 ശതമാനം പേരെ ഇതിനകം കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിട്ടുണ്ട്. ഇതില്‍ 142,159 പേര്‍ക്ക് രോഗം കണ്ടെത്തിയരുന്നു. എന്നാല്‍, 243 പേര്‍ മാത്രമാണ് ഖത്തറില്‍ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. കഴിഞ്ഞ ആഴ്ച്ച പോസിറ്റിവിറ്റി നിരക്ക് ലക്ഷത്തിന് 37.7 എന്ന നിലയിലേക്ക് കുറഞ്ഞിരുന്നു.

14 boxes of vaccine land in Qatar ahead of its biggest vaccination programme

Most Popular