Friday, September 17, 2021
Home Newsfeed മുതിര്‍ന്നയാളുകളുടെ ജനസംഖ്യയില്‍ 18.2 ശതമാനത്തിന് വാക്‌സിന്റെ ഒരു ഡോസെങ്കിലും ലഭിച്ചതായി ഖത്തര്‍ ആരോഗ്യമന്ത്രാലയം

മുതിര്‍ന്നയാളുകളുടെ ജനസംഖ്യയില്‍ 18.2 ശതമാനത്തിന് വാക്‌സിന്റെ ഒരു ഡോസെങ്കിലും ലഭിച്ചതായി ഖത്തര്‍ ആരോഗ്യമന്ത്രാലയം

ദോഹ: കോവിഡിനെതിരെയുള്ള വാക്‌സിനേഷന്‍ പ്രചാരണം കഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ 134,498 ഡോസ് വാക്‌സിനുകള്‍ നല്‍കിയിട്ടുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം (MoPH) അറിയിച്ചു. ഇതുവരെ 594,613 വാക്‌സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്. രാജ്യത്തെ മുതിര്‍ന്ന ജനസംഖ്യയുടെ 18.2 ശതമാനം അല്ലെങ്കില്‍ ആറ് മുതിര്‍ന്നവരില്‍ ഒരാള്‍ക്ക് കുറഞ്ഞത് ഒരു വാക്‌സിന്‍ ഡോസ് ലഭിച്ചിട്ടുണ്ട്. ഓരോ 6 വ്യക്തികളിലും ഒരാള്‍ എന്ന തോതിലാണ് വാക്സിനെടുത്തിട്ടുള്ളതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് 60 വയസ് കഴിഞ്ഞവരില്‍ 66.8 ശതമാനവും 70 കഴിഞ്ഞവര്‍ 69.4 ശതമാനവും 80 കഴിഞ്ഞവര്‍ക്ക 70 ശതമാനം പേരും ഒരു ഡോസ് വാക്സിനെടുത്തിട്ടുണ്ട്. 60 കഴിഞ്ഞവരില്‍ കോവിഡ് സങ്കീര്‍ണതകള്‍ രൂക്ഷമായേക്കുമെന്നതിനാല്‍ എത്രയും വേഗം അത്തരക്കാര്‍ക്ക് വാക്സിന്‍ ലഭ്യമാക്കുന്നതിനുളള പരിപാടികളാണ് മന്ത്രാലയം ആസൂത്രണം ചെയ്യുന്നത്. പ്രായം ചെന്നവര്‍ എത്രയയും വേഗം 40277077 എന്ന ഹോട്ട്ലൈന്‍ നമ്പറില്‍ ബന്ധപ്പെട്ട് വാക്സിനെടുക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. വീട്ടിലെ മുതിര്‍ന്നവരെ വാക്സിനെടുപ്പിക്കുന്നതില്‍ മക്കളും ബന്ധുക്കളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

അതേസമയം, വാക്‌സിനിലെ ഏതെങ്കിലും പാര്‍ശ്വഫലങ്ങളെക്കുറിച്ച് പൊതുജനാരോഗ്യമന്ത്രാലയം ഫീഡ്ബാക്ക് ശേഖരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വാക്‌സിനേഷനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ മൈക്രോസൈറ്റില്‍ വാക്‌സിനേഷന്‍ ഫീഡ്ബാക്ക് രേഖപ്പെടുത്താനുള്ള സൗകര്യം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് -19 വാക്സിനില്‍ നിന്ന് ആളുകള്‍ക്ക് ഉണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ ശേഖരിക്കുകയും നിരീക്ഷിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണെന്ന് മന്ത്രാലയം പറഞ്ഞു.
എല്ലാ ഡോസുകള്‍ക്കും ലക്ഷണങ്ങള്‍ രേഖപ്പെടുത്തേണ്ടത് പ്രധാനമാണെന്നും അതിനാല്‍ ഓരോ ഡോസിനും പ്രത്യേകം ഫീഡ്ബാക്ക് സമര്‍പ്പിക്കേണ്ടതുണ്ടെന്ന കാര്യം ശ്രദ്ധിക്കാന്‍ മന്ത്രാലയം ഓര്‍മപ്പെടുത്തി.

ALSO WATCH:

 

Most Popular