Friday, September 24, 2021
Home Gulf Qatar ഖത്തറില്‍ കോവിഡ് ഗ്രാഫ് താഴോട്ട്; ഇന്ന് 5205 പേര്‍ക്ക് രോഗം ഭേദമായി

ഖത്തറില്‍ കോവിഡ് ഗ്രാഫ് താഴോട്ട്; ഇന്ന് 5205 പേര്‍ക്ക് രോഗം ഭേദമായി

ദോഹ: കൊറോണവ്യാപനത്തിന്റെ നീണ്ട ആശങ്കകള്‍ക്കൊടുവില്‍ ഖത്തറില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ശുഭവാര്‍ത്ത. കഴിഞ്ഞ 24 മണിക്കൂറിനിടെ 1993 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 5205 പേര്‍ക്ക് രോഗം ഭേദമായി. ഇന്നലെയും രോഗം സ്ഥിരീകരിച്ചവരേക്കാള്‍ കൂടുതലായിരുന്നു സുഖപ്പെട്ടവരുടെ എണ്ണം. അതേ സമയം, മരണസംഖ്യ കൂടുന്നത് ആശങ്ക പരത്തുന്നുണ്ട്. ഇന്ന് മൂന്നുപേര്‍ കൂടി രോഗം ബാധിച്ചു മരിച്ചതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള പുതിയ അന്താരാഷ്ട്ര മാനദണ്ഡം നടപ്പാക്കി തുടങ്ങിയത് രോഗം ഭേദപ്പെടുന്നവരുടെ എണ്ണം കുത്തനെ വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ആദ്യ പോസിറ്റീവ് ടെസ്റ്റ് കഴിഞ്ഞ് 14 ദിവസം കഴിയുന്നതോടെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. നേരത്തേ ഇത് മൂന്നും നാലും ആഴ്ച്ചകളിലേക്ക് നീണ്ടിരുന്നു.

84, 48, 65 വയസ്സുള്ളവരാണ് ഇന്ന് മരിച്ചത്. നേരത്തേ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന ഇവര്‍ ഐസിയുവില്‍ ചികില്‍സയില്‍ ആയിരുന്നു. ഖത്തറില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 52,907 ആയി. 32,267 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ആകെ 36 പേര്‍ രോഗം ബാധിച്ചു മരിച്ചു. 24 മണിക്കൂറിനിടെ 5,864 ടെസ്റ്റുകളാണ് നടത്തിയത്. ഇതോടെ ആകെ ടെസ്റ്റ് നടത്തിയവരുടെ എണ്ണം 2,12,897 ആയി.

20 പേരെ പുതുതായി ഐസിയുവില്‍ പ്രവേശിപ്പിച്ചു. 216 പേരാണ് നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്.

5205 recoveries, 1993 new Covid-19 cases and 3 deaths in Qatar on May 29


 

Most Popular