Sunday, July 25, 2021
Home Newsfeed വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്ക് ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് വിസിറ്റ് വിസയില്‍ വരാനാവില്ല

വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്ക് ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് വിസിറ്റ് വിസയില്‍ വരാനാവില്ല

ദോഹ: വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്ക് വാക്‌സിനെടുത്ത രക്ഷിതാക്കളോടൊപ്പം ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് വിസിറ്റ് വിസയില്‍ വരാനാവില്ല. ഖത്തറിലെ പുതിയ യാത്രാനയം സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കുന്നതിന് ഇന്ത്യന്‍ എംബസി പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. റെഡ് ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങളിലുള്ളവര്‍ക്കാണ് കുട്ടികള്‍ക്കുള്ള ഈ വിലക്ക് ബാധകമാവുന്നത്.

നിലവില്‍ ഇന്ത്യയില്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭിക്കില്ലെന്നതിനാല്‍ ഫലത്തില്‍ ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് ഖത്തറിലേക്ക് വിസിറ്റ് വിസയില്‍ വരാനാവില്ല. 12 മുതല്‍ 17 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഫാമിലി വിസിറ്റ്, ബിസിനസ്, ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് വരണമെങ്കില്‍ പൂര്‍ണമായും വാക്‌സിനെടുത്തിരിക്കണം.

ചെറിയ കുട്ടികളോടൊത്ത് സന്ദര്‍ശക വിസയില്‍ ഖത്തറിലേക്ക് വരാനിരിക്കുന്ന കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് ഈ തീരുമാനം.

റസിഡന്റ് വിസയില്‍ വരുന്നവര്‍
വാക്‌സിനെടുത്ത രക്ഷിതാക്കളോടൊപ്പം ഇന്ത്യയില്‍ നിന്ന് വരുന്ന വാക്‌സിനെടുക്കാത്ത 17 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ 10 ദിവസം ഹോം ക്വാറന്റീനില്‍ കഴിയണം.

വാക്‌സിനെടുക്കാത്തവര്‍, ഭാഗികമായി വാക്‌സിനെടുത്തവര്‍, സെക്കന്‍ഡ് ഡോസ് എടുത്ത് 14 ദിവസം പൂര്‍ത്തിയാകാത്തവര്‍ എന്നിവര്‍ 10 ദിവസം ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം. കൂടെ വരുന്ന കൂട്ടികള്‍ക്കും ഇതേ നിയമം ബാധകമാണ്.

ALSO WATCH

Most Popular