ദോഹ: പാസ്പോര്‍ട്ട് പുതുക്കുന്നതിനുള്ള കോണ്‍സുലാര്‍ സേവനങ്ങള്‍ ഈ മാസം 23 മുതല്‍ അബുഹമൂറിലെ ഐസിസിയില്‍ പുനരാരംഭിക്കുമെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച സേവനങ്ങളാണ് ചൊവ്വാഴ്ച ഐസിസിയില്‍ പുനരാരംഭിക്കുന്നത്. കോണ്‍സുലാര്‍ സേവനങ്ങള്‍ക്കുള്ള വര്‍ധിച്ച ആവശ്യം കണക്കിലെടുത്താണ് നടപടിയെന്നും ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ അറിയിച്ചു.
അതേസമയം, മുന്‍കൂട്ടി അപ്പോയിന്മെന്റ് എടുത്ത നിശ്ചിത ആളുകള്‍ക്ക് മാത്രമായിരിക്കും സേവനങ്ങള്‍ ലഭിക്കുക. അപ്പോയിന്മെന്റുകള്ക്ക് 44686607, 50883026, 77534001 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. ശനിയാഴ്ച്ച മുതല്‍ വ്യാഴം വരെ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെയും ഉച്ചയ്ക്ക് ശേഷം 2 മുതല്‍ രാത്രി 6വരെയും ഈ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
അപ്പോയിന്മെന്റുകള്ക്ക് ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ഉടന്‍ ആരംഭിക്കും. അതുവരെ മാത്രമായിരിക്കും ടെലഫോണ്‍ ബുക്കിങ് സേവനം ഉണ്ടാവുക.
ഐസിസിയില്‍ കോണ്‍സുലാര്‍ സേവനത്തിന് അപേക്ഷിക്കുന്നവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക
1. അടിയന്തര കാരണങ്ങള്‍ ഇല്ലെങ്കില്‍ കാലാവധി കഴിഞ്ഞ പാസ്പോര്ട്ടുകള്, രണ്ട് മാസത്തിനകം കാലാവധി കഴിയാനിരിക്കുന്ന പാസ്പോര്ട്ടുകള്, പുതുതായി ജനിച്ച കുട്ടികളുടെ പാസ്പോര്ട്ടുകള് എന്നിവയാണ് പുതുക്കി നല്‍കുക. മറ്റു കോണ്‍സുലാര്‍ സേവനങ്ങള്‍ ഇനിയൊരു അറിയിപ്പ് വരെ ഉണ്ടാവില്ല
2. അപേക്ഷകന് മാത്രമേ ഐസിസി കോംപൗണ്ടിനകത്ത് പ്രവേശനമുണ്ടാവു. ചെറിയ കുട്ടികള്‍ക്കൊപ്പം രക്ഷിതാവിന് പ്രവേശിക്കാവുന്നതാണ്
3. ശനിയാഴ്ച്ച മുതല്‍ വ്യാഴാഴ്ച്ച വരെ വൈകീട്ട് 4 മുതല്‍ 6വരെയാണ് പാസ്പോര്‍ട്ട് തിരിച്ചു വാങ്ങാനുള്ള സമയം. ഇതിന് മുന്‍കൂര്‍ അപ്പോയിന്മെന്റ് ആവശ്യമില്ല. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ കിട്ടുന്ന റസീപ്റ്റ് ഹാജരാക്കണം
4. ഐസിസി കോംപൗണ്ടില്‍ പ്രവേശിക്കും മുമ്പ് ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്ററ്സ കാണിക്കണം