Saturday, September 18, 2021
Home Gulf Qatar എഎഫ്‌സി ചാംപ്യന്‍സ് ലീഗ് കലാശക്കളിയും ദോഹയില്‍

എഎഫ്‌സി ചാംപ്യന്‍സ് ലീഗ് കലാശക്കളിയും ദോഹയില്‍

ദോഹ: ഈ വര്‍ഷത്തെ എഎഫ്‌സി ചാംപ്യന്‍സ് ലീഗ് സിംഗിള്‍ ലെഗ് ഫൈനല്‍ ഖത്തറില്‍ നടക്കുമെന്ന് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനും(എഎഫസി), ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനും അറിയിച്ചു. ഡിസംബര്‍ 19നായിരിക്കും ഏഷ്യയിലെ വമ്പന്‍ ക്ലബ്ബുകള്‍ കൊമ്പുകോര്‍ക്കുന്ന ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടം.

2020 എഎഫ്‌സി ചാംപ്യന്‍സ് ലീഗിന്റെ പടിഞ്ഞാറന്‍ മേഖലാ മല്‍സരങ്ങള്‍ ഖത്തറില്‍ ഈയിടെ പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് കിഴക്കന്‍ മേഖലാ മല്‍സരങ്ങളും അടുത്ത മാസം ഖത്തറില്‍ നടക്കാനിരിക്കുകയാണ്. ഏഷ്യയിലെ പ്രമുഖ ടൂര്‍ണമെന്റിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ക്യുഎഫ്എ ഒരുക്കിയിട്ടുണ്ടെന്ന് എഎഫ്‌സി വ്യക്തമാക്കി.

കോവിഡ് പശ്ചാത്തലത്തില്‍ പല തവണ മാറ്റിവച്ച ശേഷമാണ് അവസാന മല്‍സരങ്ങള്‍ ഖത്തറില്‍ നടത്താന്‍ തീരുമാനിച്ചത്. കളിക്കാരുടെയും മറ്റു ജീവനക്കാരുടെയും ആരോഗ്യ കാര്യങ്ങളില്‍ ഖത്തര്‍ നല്‍കിയ പിന്തുണയും ടൂര്‍ണമെന്റ് നടത്തിപ്പിനായി തയ്യാറാക്കിയ സജ്ജീകരണങ്ങളും ഇക്കാര്യത്തില്‍ സഹായകരമായതായി എഎഫ്‌സി ജനറല്‍ സെക്രട്ടറി ദാത്തോ വിന്‍ഡ്‌സര്‍ ജോണ്‍ പറഞ്ഞു.

AFC Champions League final to be played in Doha

Most Popular