Sunday, June 20, 2021
Home News Kerala എഴുപതാം വയസ്സില്‍ ആദ്യ വോട്ട് ചെയ്യാനൊരുങ്ങി ഖത്തര്‍ പ്രവാസി

എഴുപതാം വയസ്സില്‍ ആദ്യ വോട്ട് ചെയ്യാനൊരുങ്ങി ഖത്തര്‍ പ്രവാസി

തൃശൂര്‍: വയസ്സ് 70 ആയെങ്കിലും ഇതുവരെ വോട്ട് ചെയ്തിട്ടില്ലാത്ത ഖത്തര്‍ പ്രവാസി കൈവിരലില്‍ ആദ്യമായി സമ്മതി ദാനാവാകാശത്തിന്റെ മഷി പുരളുന്ന ആവേശത്തിലാണ്. കയ്പമംഗലം കാളമുറി സ്വദേശി പുഴങ്കരയില്ലത്ത് അബ്ദുല്ലത്തീഫ് ആണ് ആദ്യവോട്ട് എങ്ങിനെ ആയിരിക്കുമെന്ന ആകാംക്ഷയിലുള്ളത്. ലോക്ഡൗണില്‍ പെട്ട് ഗള്‍ഫിലേക്ക് തിരിച്ചു പോകാന്‍ കഴിയാതായതോടെയാണ് അബ്ദുല്ലത്തീഫിന് ഇത്തവണയെങ്കിലും വോട്ട് ചെയ്യാന്‍ അവസരമൊരുങ്ങുന്നത്.

യൂട്യൂബിലും മറ്റും വോട്ട് ചെയ്യുന്നതിന്റെ വീഡിയോ പലതവണ കണ്ട് ഉറപ്പാക്കി വോട്ടു ചെയ്യാനുള്ള ത്രില്ലിലാണ് അദ്ദേഹം. വിളക്കുപറമ്പ് മദ്‌റസയിലെ രണ്ടാം നമ്പര്‍ ബൂത്തില്‍ 813-ാം നമ്പര്‍ വോട്ടറാണ് അബ്ദുല്ലത്തീഫ്. ജീവിത പ്രാരാബ്ധം കൊണ്ട് പതിനഞ്ചാം വയസ്സിലാണ് അദ്ദേഹം നാടുവിടുന്നത്. ആദ്യം പോയത് ബോംബെയിലേക്കായിരുന്നു. മനീഷ് മാര്‍ക്കറ്റില്‍ ജീവനക്കാരനായി പതിറ്റാണ്ടുകളോളം അബ്ദുല്ലത്തീഫ് ജോലി ചെയ്തിരുന്നു.

പിന്നീട് ഖത്തറിലെത്തിയ അബ്ദുല്ലത്തീഫ് പ്രവാസ ലോകത്ത് 42 വര്‍ഷം പൂര്‍ത്തിയാക്കി. ജോലിത്തിരക്കിനിടെ, ഒരിക്കല്‍ പോലും തെരഞ്ഞെടുപ്പ് കാലത്ത് നാട്ടിലെത്താന്‍ കഴിഞ്ഞിരുന്നില്ല. കോവിഡ് സാഹചര്യത്തില്‍ ആദ്യമായി വോട്ട് വിനിയോഗിക്കാന്‍ അവസരം ലഭിച്ച നിരവധി പ്രവാസികളുണ്ട്.

Most Popular