എയര്‍ അറേബ്യ ഖത്തറിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ ജനുവരി 18ന് പുനരാരംഭിക്കുന്നു

air arabia covid test

ദോഹ: ഷാര്‍ജ ആസ്ഥാനമായുള്ള എയര്‍ അറേബ്യ എയര്‍ലൈന്‍ ദോഹയിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ജനുവരി 18 ന് പുനരാരംഭിക്കും. ഇതോടെ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഖത്തറിലേക്ക് സര്‍വീസ് പുനരാരംഭിക്കുന്ന ആദ്യ യുഎഇ വിമാനക്കമ്പനിയായി എയര്‍ അറേബ്യ. ആദ്യ വിമാനമായ എയര്‍ബസ് എ320 ഷാര്‍ജയില്‍ നിന്ന് ജനുവരി 18ന് വൈകുന്നേരം 4:10 ന് പുറപ്പെട്ട് 5:10 ന് ദോഹയില്‍ എത്തുമെന്ന് യുഎഇ ആസ്ഥാനമായുള്ള ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

എയര്‍ അറേബ്യയുടെ വെബ്സൈറ്റിലൂടെയോ കോള്‍ സെന്ററിലൂടെയോ ട്രാവല്‍ ഏജന്‍സികളിലൂടെയോ ഉപഭോക്താക്കള്‍ക്ക് ഷാര്‍ജയ്ക്കും ദോഹയ്ക്കും ഇടയില്‍ നേരിട്ടുള്ള ഫ്‌ലൈറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. അബുദാബിയുടെ ഇത്തിഹാദ് എയര്‍വേയ്സും ദോഹയിലേക്ക് സേവനങ്ങള്‍ വീണ്ടും ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരായ വ്യാപാര, യാത്രാ ഉപരോധം അവസാനിപ്പിച്ച അല്‍ ഉല പ്രഖ്യാപനത്തെ തുടര്‍ന്നാണ് നടപടി. പ്രഖ്യാപനത്തില്‍ ഒപ്പിട്ടതിനെത്തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്സും സൗദി അറേബ്യയുടെ സൗദിയയും യഥാക്രമം റിയാദിലേക്കും ദോഹയിലേക്കും സര്‍വീസ് പുനരാരംഭിച്ചു.