Sunday, May 16, 2021
Home Gulf Qatar അല്‍ ജസീറ മാധ്യമപ്രവര്‍ത്തകരെ ഹാക്ക് ചെയ്തതിന് പിന്നില്‍ സൗദിയും യുഎഇയും?

അല്‍ ജസീറ മാധ്യമപ്രവര്‍ത്തകരെ ഹാക്ക് ചെയ്തതിന് പിന്നില്‍ സൗദിയും യുഎഇയും?

ദോഹ: അല്‍ ജസീറയിലെ 36 മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ ഹാക്ക് ചെയ്തത് ഇസ്രായേലി സ്‌പൈവെയര്‍ ഉപയോഗിച്ച്. ഹാക്കിങ് ശ്രമങ്ങളെ സൗദിയും യുഎഇയുമായി ബന്ധിപ്പിക്കാവുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ടൊറന്റോ യൂനിവേഴ്‌സിറ്റിയിലെ സൈബര്‍ സെക്യൂരിറ്റി വിഭാഗമായ സിറ്റീസന്‍ ലാബിന്റെ റിപോര്‍ട്ടില്‍ പറയുന്നു.

ഡിസംബര്‍ 20ന് പുറത്തു വന്ന റിപോര്‍ട്ട് പ്രകാരം ഇസ്രായേലി കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പിന്റെ പെഗാസസ് എന്ന ചാര പ്രോഗ്രാമാണ് ഹാക്കിങിന് വേണ്ടി ഉപയോഗിച്ചത്. അല്‍ജസീറ മാധ്യമപ്രവര്‍ത്തകര്‍, ആങ്കര്‍മാര്‍, എക്‌സിക്യൂട്ടീവുകള്‍, പ്രൊഡ്യൂസര്‍മാര്‍ എന്നിവരുടെ മൊബൈലുകളിലാണ് ഈ പ്രോഗ്രാം ഉപയോഗിച്ച് നുഴഞ്ഞു കയറിയത്. സൗദി, യുഎഇ സര്‍ക്കാരുകളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ഏറെക്കുറെ ഉറപ്പാണെന്നും സിറ്റീസന്‍ ലാബ് വ്യക്തമാക്കി.

മിഡില്‍ ഈസ്റ്റുമായി ബന്ധപ്പെട്ട പല സുപ്രധാന രാഷ്ട്രീയ വിഷയങ്ങളും റിപോര്‍ട്ട് ചെയ്ത അല്‍ ജസീറ അന്വേഷണാത്മക റിപോര്‍ട്ടര്‍ താമര്‍ അല്‍ മിസ്ഹല്‍ ആണ് ആദ്യമായി ഹാക്കിങിനെ കുറിച്ച് സംശയം പ്രകടിപ്പിച്ചത്. ഈ വര്‍ഷം ജനുവരിയിലായിരുന്നു ഇത്. തുടര്‍ന്ന് സിറ്റീസന്‍ ലാബ് നടത്തിയ പരിശോധനയില്‍ എന്‍എസ്ഒ ഗ്രൂപ്പാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായി. പെഗാസസ് സ്‌പൈവെയറിലെ സീറോ ക്ലിക്ക് ടെക്‌നിക്ക് ഉപയോഗിച്ചായിരുന്നു ഹാക്കിങ്. മൊബൈലിലെ കാമറ പ്രവര്‍ത്തിപ്പിക്കാനും ഉപകരണം ട്രാക്ക് ചെയ്യാനും സാധിക്കുന്ന സംവിധാനമാണിത്. യുഎഇയിലും സൗദി അറേബ്യയിലും ഇരുന്നാണ് ഇത് നിയന്ത്രിച്ചതെന്നും വ്യക്തമായി.

തുടര്‍ന്ന് ആറ് മാസത്തോളം നടത്തിയ പരിശോധനയിലാണ് 36 അല്‍ജസീറ മാധ്യമ പ്രവര്‍ത്തകര്‍ ഇതിന് ഇരയായതായി കണ്ടെത്തിയത്. ഫോണില്‍ നിന്ന് ചോര്‍ത്തിയെടുത്ത സ്വകാര്യ വിവരങ്ങള്‍ ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയായിരുന്നു.
Al Jazeera journalists hacked by Saudi, UAE using Israeli spyware: cybersecurity report

Most Popular