
അല്‍ റയ്യാന്‍ സ്റ്റേഡിയം ഉദ്ഘാടനം: അമീര്‍ കപ്പ് ഫൈനലിന് 20000 കാണികള്‍
ദോഹ: 2022 ഫിഫ ലോകകപ്പിനായി നിര്‍മിച്ച സ്റ്റേഡിയമായ അല്‍ റയ്യാന്‍ സ്റ്റേഡിയം ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18 ന് ഉദ്ഘാടനം ചെയ്യുമ്പോള്‍ കാണികളെ അനുവദിക്കും. 20000 കാണികളെ സ്റ്റേഡിയത്തില്‍ അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതില്‍ പകുതി സീറ്റും കോവിഡ് രോഗത്തില്‍ നിന്ന് മുക്തരായവര്ക്കാണ് സംഘാടകര്‍ നീക്കിവെച്ചിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അല്‍ അറബി ക്ലബ്ബും അല്‍ സദ്ദ് ക്ലബ്ബും തമ്മിലുള്ള വാശിയേറിയ അമീര്‍ കപ്പ് 2020 ഫൈനല്‍ മല്സരങ്ങളോടെയായിരിക്കും പുതിയ അല്‍ റയ്യാന്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുക. സ്റ്റേഡിയത്തിന്റെ 50 ശതമാനം കപ്പാസിറ്റിയിലാണ് കളി നടക്കുക. കോവിഡ് പശ്ചാത്തലത്തില്‍ ടിക്കറ്റ് വില്പനയയും നിയന്ത്രണങ്ങളോടെയാണ്. ഒരാള്‍ക്ക് ഒരു ടിക്കറ്റ് എന്ന അടിസ്ഥാനത്തില്‍ കൈമാറ്റം ചെയ്യാന്‍ പറ്റാത്ത ടിക്കറ്റുകളാണ് വില്പന നടത്തുന്നത്. ടിക്കറ്റ് വാങ്ങുന്ന വ്യക്തിയുടെ ഖത്തര്‍ ഐ.ഡി.യുമായി ബന്ധിപ്പിക്കും.
കണിശമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ഇരുപതിനായിരം കാല്‍പന്തുകളിയാരാധകര്‍ക്ക് അവസരം നല്‍കുന്നത്. കളികാണുവാന് വരുന്നവര്‍ക്ക് ദോഹ മെട്രോ ഉപയോഗിച്ച് സ്റ്റേഡിയത്തിലെത്താന്‍ കഴിയും. ഗ്രീന്‍ ലൈനിലെ അല്‍ റിഫ സ്റ്റേഷനില്‍ നിന്നും നടക്കാവുന്ന ദൂരത്തിലാണ് സ്റ്റേഡിയം. വൈകുന്നേരം 7 മണിക്കാണ് കളി. 4 മണി മുതല്‍ 6 മണി വരെ ഫാന്‍ സോണ്‍ തുറക്കും. കളി കഴിഞ്ഞ ശേഷം 9 മണിക്കും തുറക്കും. അമീര്‍ കപ്പ് ഫൈനലില്‍ കളിക്കുന്ന അല്‍ സദ്ദ്, അല്‍ അറബി ക്ലബ്ബുകളുടെ ആരാധകര്‍ക്കായിരിക്കും ടിക്കറ്റില്‍ മുന്‍ഗണനയെന്നും സംഘാടകര്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ വിവിധ സാംസ്കാരിക വശങ്ങള് സംയോജിപ്പിച്ച് കൊണ്ടുള്ള സ്റ്റേഡിയത്തിന്റെ നിര്‍മ്മിതിയാണ് ഏറ്റവും ശ്രദ്ധേയമായ സവിശേഷത. കുടുംബത്തിന്റെ പ്രാധാന്യം, മരുഭൂമിയുടെ ഭംഗി, ഇവിടെ വളരുന്ന സസ്യജന്തുജാലങ്ങള്‍, പ്രാദേശിക, അന്തര്‍ദേശീയ വ്യാപാരമടക്കം നിരഞ്ഞ്നില്ക്കുന്നു. അഞ്ചാമത്തെ ആകൃതി, ഒരു പരിച, മറ്റുള്ളവയെല്ലാം സമന്വയിപ്പിച്ച് റയ്യാന്‍ നഗരത്തിന് ശക്തിയും ഐക്യവും സ്റ്റേഡിയത്തില്‍ വിളിച്ചോതുന്ന രീതിയാലാണ് രൂപകല്‍പ്പന.
2022 ഫിഫ ലോകകപ്പിന് രണ്ട് വര്‍ഷം ബാക്കി നില്‍ക്കെയാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുന്നത്. ലോകകപ്പിനുള്ള നാലാമത്തെ സ്റ്റേഡിയമാണിത്. 40,000 പേര്‍ക്ക് കളിവീക്ഷിക്കുവാനുള്ള ശേഷിയുള്ള സ്റ്റേഡിയത്തില്‍ ഖത്തര്‍ 2022 ല്‍ 16 സ്റ്റേജ് വരെ മത്സരങ്ങള്‍ നടക്കും. 2022 ഫിഫ ലോകകപ്പിനുള്ള ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, അല്‍ ജനൂബ് സ്റ്റേഡിയം, എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയം എന്നിവ ഇതിനകം തന്നെ ഉദ്ഘാടനം ചെയ്തു കഴിഞ്ഞു.